എ.എ.പിക്ക് വീണ്ടും തിരിച്ചടി; ഡൽഹി എം.എൽ.എയും ദലിത് നേതാവുമായ രാജേന്ദ്രപാൽ ഗൗതം കോൺഗ്രസിൽ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ രാജേന്ദ്രപാൽ ഗൗതം കോൺഗ്രസിൽ ചേർന്നു. പ്രമുഖ ദലിത് നേതാവ് കൂടിയായ ഇദ്ദേഹം സീമാപുരിയിൽനിന്നുള്ള നിയമസഭാംഗമാണ്. കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, ദേവേന്ദർ യാദവ്, പവൻ ഖേര എന്നിവരുടെ സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശം. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ ഗൗതമിന്റെ വരവ് കോൺഗ്രസിന് ഊർജം പകരുമെന്നാണ് വിലയിരുത്തൽ. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകൾ ‘ഇൻഡ്യ’ സഖ്യത്തിലെ കക്ഷികൾ തമ്മിൽ ചർച്ച ചെയ്യുന്നതിനിടെയാണ് എം.എൽ.എയുടെ കൂടുമാറ്റം.
അഭിഭാഷകനായ രാജേന്ദ്രപാൽ ഗൗതം 2014ലാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നത്. ദലിതുകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 2020ലെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ സീമാപുരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുകയും മന്ത്രിയാവുകയും ചെയ്തു. 10,000 പേർ ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുത്തതിന് വിമർശനം നേരിട്ടതോടെ 2022 ഒക്ടോബറിൽ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.
ഹിന്ദു ദൈവങ്ങളെയും ദേവതകളെയും ഗൗതം അപമാനിച്ചെന്നും മന്ത്രിസഭയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയതിന് പിന്നാലെ ഗൗതം മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും മന്ത്രിസ്ഥാനം ഒഴിയുകയുമായിരുന്നു. അദ്ദേഹത്തെ പിന്തുണക്കാത്ത എ.എ.പി ദലിത് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ഡൽഹി കോൺഗ്രസ് രംഗത്തെത്തുകയും ഗൗതമിനെ പിന്തുണക്കുകയും ചെയ്തിരുന്നു.
അടുത്തിടെ എ.എ.പിയിൽനിന്ന് രാജിവെക്കുന്ന മൂന്നാമത്തെ പ്രമുഖനാണ് ഗൗതം. കർത്താർ സിങ് തൻവാർ എം.എൽ.എയും മുൻ മന്ത്രി രാജ്കുമാർ ആനന്ദും അടുത്തിടെ പാർട്ടി വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.