യു.പിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല: കൊലക്കേസ് പ്രതിയെ പൊലീസ് വധിച്ചു
text_fieldsലഖ്നോ: ഏറ്റുമുട്ടൽ കൊലകളിൽ കുപ്രസിദ്ധി നേടിയ ഉത്തർ പ്രദേശിൽ വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതിയായ പ്രതാപ്ഗഢ് സ്വദേശി ഗുഫ്റാനെയാണ് കൗശംബിയിൽ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. ഇയാൾ നിരവധി കൊലക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
യു.പി പൊലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സുമായി വെടിവെപ്പിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊലപാതകം, വധശ്രമം, കവർച്ച, മോഷണം എന്നിവയടക്കം 13 കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. തലക്ക് ഒന്നേകാൽ ലക്ഷം രുപ വിലയിട്ടിരുന്ന പ്രതിയാണ്.
183 പേരെയാണ് യോഗി സർക്കാർ അധികാരമേറ്റ് ആറുവർഷത്തിനിടെ ഉത്തർപ്രദേശിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. 10,818 ഏറ്റുമുട്ടലുകൾ ഇക്കാലയളവിൽ നടത്തി. ഏറ്റവും കൂടുതൽ ഏറ്റുമുട്ടല്‍ കൊല നടന്നത് മീറത്തില്‍- 63 പേര്‍. വാരാണസിയിൽ 20 പേരെയും ആഗ്രയിൽ 14 പേരെയും വധിച്ചു. ഏറ്റുമുട്ടലിനിടെ 13 പൊലീസുകാര്‍ കൊല്ലപ്പെട്ടു. 4947 ക്രിമിനലുകൾക്ക് പരിക്കേറ്റപ്പോൾ 1429 പൊലീസുകാർക്കും പരിക്കേറ്റു.
ഇക്കഴിഞ്ഞ ഏപ്രിൽ 15ന് പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ്‍വാദി പാർട്ടി മുൻ എം.പിയുമായ ആതിഖ് അഹ്‌മദിനെയും സഹോദരൻ അഷ്റഫ് അഹ്‌മദിനെയും മൂന്നംഗസംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് രണ്ട് ദിവസം മുമ്പ് ഏപ്രിൽ 13ന് ഝാൻസിയിൽ യു.പി പ്രത്യേക ദൗത്യ സംഘം (എസ്.ടി.എഫ്) ആതിഖ് അഹ്‌മദിന്റെ മകൻ അസദിനെയും സഹായി ഗുലാം ഹസനെയും പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് എസ്.പിയും ബി.എസ്.പിയും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.