ഖനൗരി അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു
text_fieldsന്യൂഡൽഹി: ഖനൗരി അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു. ബത്തിൻഡ സ്വദേശിയായ ദർശൻ സിങ്(62) ആണ് മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം അഞ്ചായി ഉയർന്നു. ഫെബ്രുവരി 13 മുതൽ ദർശൻ സിങ് സമരത്തിന്റെ ഭാഗമായി ഉണ്ട്.
കഴിഞ്ഞ ദിവസം രാത്രി ദർശൻ സിങ്ങിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ പത്രാൻ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ, കമ്യൂണിറ്റ് ഹെൽത്ത് അധികൃതർ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. പിന്നീട് പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിൽ ദർശൻ സിങ്ങിനെ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എട്ട് ഏക്കർ ഭൂമിയാണ് ദർശൻ സിങ്ങിന് ഉണ്ടായിരുന്നത്. എട്ട് ലക്ഷം രൂപയുടെ ഭീമമായ കടവും അദ്ദേഹത്തിനുണ്ടായിരുന്നു. ഭാരത് കിസാൻ യൂണിയൻ കർഷകന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. സംഘടനയുടെ ബത്തിൻഡ ജനറൽ സെക്രട്ടറി റേഷം സിങ് അതിർത്തികളിൽ കൂടുതൽ കർഷകർ മരിക്കുന്നത് തടയാൻ സമരക്കാരുടെ ആവശ്യങ്ങൾ ഏത്രയും പെട്ടെന്ന് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഖനൗരി അതിർത്തിയിൽ സമരം ചെയ്തിരുന്ന പഞ്ചാബ് ഭട്ടിണ്ഡ സ്വദേശിയാ 24കാരൻ ശുഭ് കരൺ സിങ്ങും ബുധനാഴ്ച മരിച്ചിരുന്നു. തലയുടെ പിൻഭാഗത്ത് മുറിവേറ്റാണ് ശുഭ് കരൺ മരിച്ചതെന്ന് രജീന്ദ്ര ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹർനം സിങ് രേഖി പറഞ്ഞു. മരണകാരണം വെടിയേറ്റ പരിക്കായിരിക്കാമെന്നും എന്നാൽ കൃത്യമായ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം അറിയിച്ചു. ശുഭ് കരൺ സിങ്ങിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.