ഹിന്ദു സഹപാഠിയോട് സംസാരിച്ച മലയാളി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സദാചാര ഗുണ്ടായിസം ആവർത്തിക്കുന്നതായി ആക്ഷേപം. ജില്ലയിൽ ബസ് സ്റ്റാൻഡിൽ ഹിന്ദു മതക്കാരി വിദ്യാർഥിനിയോട് സംസാരിച്ചു നിന്ന സഹപാഠികളായ രണ്ട് മലയാളി മുസ്‌ലിം യുവാക്കളെ സദാചാര ഗുണ്ടകൾ വളഞ്ഞ് വിഡിയോയിൽ പകർത്തി ചോദ്യം ചെയ്യൽ നടത്തി. സ്ഥലത്ത് എത്തിയ പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു.
മംഗളൂരിനടുത്ത ബണ്ട്വാൾ പെരുവായിലാണ് കാസർകോട് ഉപ്പള സ്വദേശികളായ യുവാക്കൾ അക്രമത്തിന് ഇരയായത്. കുഡ്ഡുപ്പദവിൽ നിന്ന് ബസിൽ വന്നിറങ്ങിയ യുവാക്കൾ ഉപ്പളയിലേക്ക് ബസ് കാത്തു നിൽക്കുന്നതിനിടെ കണ്ടുമുട്ടിയ പെൺകുട്ടിയോട് സംസാരിക്കുകയായിരുന്നു. ഇതോടെയാണ് ഏതാനും പേർ സംഘടിച്ചെത്തി വളഞ്ഞത്. അവർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വിട്ല പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്യലിന് ശേഷം വിവരങ്ങൾ രേഖപ്പെടുത്തി വിട്ടയച്ചു.
ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ സദാചാര ഗുണ്ടായിസത്തിനും ലഹരിക്കും മതവിദ്വേഷ പ്രചാരണത്തിനും എതിരെ മംഗളൂരു ആസ്ഥാനമായി പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗുണ്ടായിസം ആവർത്തിക്കുന്നതായി ആക്ഷേപം ഉയരുകയാണ്. സഹപാഠികൾക്കൊപ്പം ഉള്ളാൾ ബീച്ചിൽ സായാഹ്നം ചെലവിട്ട മലയാളി മെഡിക്കൽ വിദ്യാർഥികളെ സദാചാര ഗുണ്ടകൾ അക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡോ. ജി. പരമേശ്വര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റയുടൻ മംഗളൂരുവിൽ ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിലെ പൊലീസ് മേധാവികളുടെ യോഗം വിളിച്ച് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചത്.
എന്നാൽ, ‘സദാചാര ഗുണ്ടകൾ’ അവരുടെ ജോലി തുടരുന്നതായാണ് ദക്ഷിണ കന്നട ജില്ലയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചപ്പോൾ മംഗളൂരുവിനടുത്ത മൂഡബിദ്രിയിൽ ബസ്സ് സ്റ്റോപ്പിൽ സഹപാഠിയായ പെൺകുട്ടികളോട് സംസാരിച്ച കോളജ് വിദ്യാർഥി സദാചാര ഗുണ്ടകളുടെ അക്രമത്തിനിരയായിരുന്നു. മൂഡബിദ്രി പ്രാന്ത്യ സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർഥിയുമായ കെ.ഫർഹാനായിരുന്നു(19)ഇര. മൂഡബിദ്രി സ്വദേശികളായ എ. പ്രേംകുമാർ(24), കെ. അഭിലാഷ്(25), സഞ്ജ്ഹെഗ്ഡെ(28), പി. വിനീഷ്(27) എന്നിവർ ഈ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി.
ബംഗളൂരുവിലേക്ക് ബസ് കാത്തു നിൽക്കുകയായിരുന്ന സഹപാഠികളായ രണ്ട് പെൺകുട്ടികളെ കണ്ട ഫർഹാൻ അവരോട് സംസാരിച്ചു നിൽക്കുകയായിരുന്നു. ഇത് കണ്ട നാലംഗ സംഘം ഫർഹാനോട് തിരിച്ചറിയൽ കാർഡ് പിടിച്ചു വാങ്ങി. മുസ്‍ലിം ആണെന്ന് മനസ്സിലായതോടെ ഹിന്ദു പെൺകുട്ടികളുമായി എന്താ കാര്യം എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിച്ചു.
സ്ക്വാഡ് ആസ്ഥാനമായ മംഗളൂരു സിറ്റി പൊലീസ് പരിധിയിൽ ഉൾപ്പെടെ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്ന പന്ത്രണ്ടാമത് സദാചാര ഗുണ്ടാ ആക്രമണമാണ് വെള്ളിയാഴ്ച നടന്നത്. ഹിന്ദു യാത്രക്കാരിയുമായി അവർ ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടം പോവുകയായിരുന്ന ഓട്ടോ റിക്ഷ ഡ്രൈവർ മംഗളൂരു ഉജ്റെ സ്വദേശി മുഹമ്മദ് ആഷിഖിനെ(23) അക്രമിച്ച കേസിൽ മൂന്ന് സദാചാര ഗുണ്ടകളെ നേരത്തെ ധർമ്മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ധർമ്മസ്ഥല സ്വദേശികളായ എ.എം. അവിനാഷ്(26), കെ. നന്ദീപ്(20), ഉപ്പിനങ്ങാടിയിലെ വി. അക്ഷത്(22) എന്നിവരാണ് അറസ്റ്റിലായത്.
മംഗളൂരുവിലെ നാല് ഡോക്ടർമാരും രണ്ടു വനിത പ്രൊഫസർമാരും സഞ്ചരിച്ച കാർ തടഞ്ഞ് മതം ചോദിച്ച് അധിക്ഷേപിച്ച സംഭവത്തിൽ സന്തോഷ് നന്ദലികെ(32), കാർത്തിക് പൂജാരി (30), സുനിൽ മല്ലയ്യ മിയാർ(35), സന്ദീപ് പൂജാരി മിയാർ(33), സുജിത് സഫലിഗ തെല്ലരു(31) എന്നീ ഹിന്ദു ജാഗരണ വേദി പ്രവർത്തകരെ കാർവാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മംഗളൂരുവിലെ വെബ് പത്രം റിപ്പോർട്ടർ അഭിജിത്ത് സദാചാര ഗുണ്ട അക്രമത്തിന് ഇരയായ കേസിൽ കൊടെകരുവിലെ സി. ചേതൻ(37), യെയ്യാദിയിലെ കെ. നവീൻ(43) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബണ്ട്വാൾ ഡിവൈ.എസ്.പി ഓഫീസിലെ ഇൻസ്പെക്ടർ കുമാർ ഹനുമന്തപ്പ മുസ്‌ലിം ആണെന്ന് കരുതി ഭാര്യയുമായി നടന്നു പോയ അദ്ദേഹത്തെ അക്രമിച്ച സംഭവത്തിൽ മംഗളൂരു തുംബെ സ്വദേശികളായ എം. മനീഷ് പൂജാരി(29), കെ.എം. മഞ്ചുനാഥ് ആചാര്യ(32) എന്നിവരെ അറസ്റ്റ് ചെയ്തതാണ് മറ്റൊരു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.