ബിൽകീസ് ബാനു കേസ് തടസ്സപ്പെടുത്താൻ വീണ്ടും നീക്കം
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിലെ ബിൽകീസ് ബാനു കൂട്ട ബലാത്സംഗ, കൂട്ടക്കൊല കേസിലെ 11 കുറ്റവാളികളെ ശിക്ഷാകാലാവധി കഴിയുംമുമ്പേ വിട്ടയച്ചതിനെതിരായ കേസ് നടപടി തടസ്സപ്പെടുത്താൻ വീണ്ടും നീക്കം. സുപ്രീംകോടതിയുടെ ആവർത്തിച്ചുള്ള നോട്ടീസ് കൈപ്പറ്റാത്തതിനെ തുടർന്ന് ഹരജിയുടെ നോട്ടീസ് ഗുജറാത്തിൽ പത്രപ്പരസ്യമായി നൽകാൻ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ബിൽകീസ് ബാനു സ്വന്തം നിലക്കും സി.പി.എം നേതാവ് സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, അസ്മ ശഫീഖ് ശൈഖ്, നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ തുടങ്ങിയവരും സമർപ്പിച്ച ഹരജികളിലെ നോട്ടീസാണ് പത്രപ്പരസ്യമായി നൽകുക.
2023 ജൂലൈ 10ന് കേസിൽ അന്തിമ വാദം തുടങ്ങുമെന്നു കാണിച്ച് വീണ്ടും നോട്ടീസ് അയക്കാനും ഇത് ഗുജറാത്ത് സമാചാർ, സന്ദേശ് എന്നീ ഗുജറാത്തി പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനുമാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഹ്സനുദ്ദീൻ അമാനുല്ല എന്നിവരുമടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്.
നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിൽ അന്തിമ വാദത്തിൽ പങ്കെടുക്കാൻ സുപ്രീംകോടതിക്ക് പബ്ലിക് നോട്ടീസ് നൽകാമെന്ന് ഇരയുടെ അഭിഭാഷകരായ ഇന്ദിര ജയ്സിങ്ങും നിസാം പാഷയും ബോധിപ്പിച്ചപ്പോൾ, നോട്ടീസ് പത്രത്തിൽ പ്രസിദ്ധീകരിക്കാമെന്ന നിർദേശം വെച്ചത് ഗുജറാത്ത് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്.
ഇതിനിടെ, കുറ്റവാളികൾ നോട്ടീസ് കൈപ്പറ്റാതിരുന്നതുമൂലം ജൂലൈയിലേക്ക് മാറ്റിയ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ ജൂണിൽ വിരമിക്കുന്ന ജസ്റ്റിസ് കെ.എം. ജോസഫിനൊപ്പം ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ലയെ പുതിയ ജഡ്ജിയായി ചൊവ്വാഴ്ച ഉൾപ്പെടുത്തി. ഇതോടെ മൂന്നംഗ ബെഞ്ചിൽനിന്ന് ജസ്റ്റിസ് ജോസഫ് പോയാലും ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും അഹ്സനുദ്ദീൻ അമാനുല്ലയും ബിൽകീസ് ബാനു കേസ് തുടർന്നും കേൾക്കാനുള്ള സാധ്യതയേറി.
കേസിന്റെ അന്തിമവാദം തങ്ങളുടെ ബെഞ്ചിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര-ഗുജറാത്ത് സർക്കാറുകളുടെയും കുറ്റവാളികളുടെയും അഭിഭാഷകർ നടത്തിയ ശ്രമത്തെ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം അതിരൂക്ഷമായി വിമർശിച്ചിരുന്നു. പല സാങ്കേതിക തടസ്സവാദങ്ങളുന്നയിച്ച്, ജസ്റ്റിസ് ജോസഫ് വിരമിക്കുന്ന ജൂൺ 16നു മുമ്പ് കേസ് അന്തിമ വാദത്തിനെടുത്ത് തീർപ്പാക്കാനാകാത്ത സാഹചര്യം ബോധപൂർവം സൃഷ്ടിച്ചതിനെതിരെയാണ് ബെഞ്ച് മേയ് രണ്ടിന് തുറന്ന കോടതിയിൽ വിമർശിച്ചത്.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴും ഇതേ ശ്രമം തുടർന്നു. ഏതാനും കുറ്റവാളികൾ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകരും ഗുജറാത്ത് സർക്കാറും തടസ്സവാദം ഉന്നയിച്ചു. കുറ്റവാളികളിലൊരാളുടെ ബന്ധുക്കളെ പൊലീസ് നേരിൽ കണ്ടിട്ടും നോട്ടീസ് കൈപ്പറ്റാൻ തയാറായിട്ടില്ലെന്ന് ബിൽകീസ് ബാനുവിന്റെ അഭിഭാഷകയും ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.