ശിവസേന-ബി.ജെ.പി സഖ്യമെന്ന ആവശ്യവുമായി ഉദ്ധവ് പക്ഷത്തെ എം.എൽ.എയും രംഗത്ത്
text_fieldsമുംബൈ: ഏക്നാഥ് ഷിൻഡെയോടൊപ്പം വിമത ശബ്ദമുയർത്തിയ എം.എൽ.എമാർ മഹാരാഷ്ട്ര സർക്കാറിന്‍റെ ഭാവിയെത്തന്നെ തുലാസിലാക്കിയിരിക്കെ, ബി.ജെ.പിയോടൊപ്പം ചേർന്ന് സർക്കാറുണ്ടാക്കണമെന്ന അഭിപ്രായവുമായി ഉദ്ധവ് പക്ഷത്തെ എം.എൽ.എ. ദീപക് കേസാർകർ എം.എൽ.എയാണ് ശിവസേന പഴയ സഖ്യകക്ഷിയായ ബി.ജെ.പിയുമായി വീണ്ടും കൈകോർക്കണമെന്ന് ആവശ്യമുയർത്തിയത്. അതേസമയം, താൻ വിമതർക്കൊപ്പമല്ലെന്നും ഉദ്ധവിനൊപ്പം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന എം.എൽ.എമാർക്കിടയിൽ അതൃപ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ദീപക് കേസാർകർ, ഭൂരിഭാഗം അംഗങ്ങളും ബി.ജെ.പി സഖ്യമാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. താൻ തുടക്കം മുതൽക്കേ ഇക്കാര്യമാണ് പറഞ്ഞിരുന്നത്. എന്നാൽ അത് സംഭവിച്ചില്ല. എൻ.സി.പിയോടും കോൺഗ്രസിനോടും ചേർന്നുള്ള ഭരണം സേന എം.എൽ.എമാർക്ക് മതിയായി. സേന എം.എൽ.എമാർക്ക് വികസന ഫണ്ടുകൾ പോലും ലഭിക്കുന്നില്ല. തോറ്റ സ്ഥാനാർഥികൾക്ക് വരെ എൻ.സി.പി ഫണ്ട് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഇനി എന്ത് സംഭവിക്കുമെന്നത് ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനനുസരിച്ചിരിക്കുമെന്നും ദീപക് കേസാർകർ പറഞ്ഞു.
വിമത സ്വരമുയർത്തി ശിവസേന നേതാവും നഗരവികസന മന്ത്രിയുമായ ഏക് നാഥ് ഷിൻഡെ 20ലേറെ എം.എൽ.എമാരുമായി സ്ഥലം വിട്ടതോടെയാണ് മഹാരാഷ്ട്രയിലെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യ മഹാവികാസ് അഗാഡി സർക്കാർ പ്രതിസന്ധിയിലായത്. ശിവസേനയിലെ 40 വിമത എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. അതേസമയം, എം.എൽ.എമാർ ആവശ്യപ്പെടുകയാണെങ്കിൽ രാജിക്ക് തയാറാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.