ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജയായ ഒരു വിദ്യാർഥിനി കൂടി കൊല്ലപ്പെട്ടു
text_fieldsലണ്ടൻ: നോട്ടിങ്ഹാമിൽ അക്രമിയുടെ കുത്തേറ്റ് ഇന്ത്യൻ വംശജയായ വിദ്യാർഥിനിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ദേശീയ ഹോക്കി താരം കൂടിയായ ഗ്രെയ്‌സ് കുമാർ (19) ആണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജ. നോട്ടിങ്ഹാം യൂനിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ ഗ്രെയ്സ് ചൊവ്വാഴ്ച രാവിലെ സുഹൃത്ത് ബെർണബി വെബ്ബറിനൊപ്പം താമസസ്ഥലത്തേക്ക് നടക്കവെയായിരുന്നു ആക്രമണം. കുത്തേറ്റ ഗ്രെയ്സ് ഓടി അടുത്തുള്ള വീട്ടിൽ കയറിയെങ്കിലും മരണപ്പെടുകയായിരുന്നു. ശേഷം അക്രമി 65കാരനായ സ്കൂൾ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി അയാളുടെ വാനുമായി കടന്നുകളഞ്ഞു. ഈ വാഹനം ഇടിച്ച് മൂന്ന് കാൽനടയാത്രക്കാർക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
സംഭവവുമായി ബന്ധപ്പെട്ട് 31കാരനായ പടിഞ്ഞാറൻ ആഫ്രിക്കക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രെയ്‌സ് ഇംഗ്ലണ്ടിലെ അണ്ടർ 16, അണ്ടർ 18 ദേശീയ ഹോക്കി ടീം അംഗമായിരുന്നു. ലണ്ടനിൽ രണ്ട് പതിറ്റാണ്ടായി ജോലി ചെയ്യുന്ന ഡോ. സഞ്‌ജോയ് കുമാറിന്റെ മകളാണ് ഗ്രെയ്‌സ്. 2009ൽ മൂന്ന് ആഫ്രോ-കരീബിയൻ കൗമാരക്കാരെ അക്രമികളിൽനിന്ന് രക്ഷിച്ച സജ്ഞോയ് ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ അംഗം കൂടിയാണ്. ലണ്ടനിലെ അറിയപ്പെടുന്ന അനസ്തറ്റിസ്റ്റ് ആണ് മാതാവ് സിനെഡ്.
കഴിഞ്ഞ ദിവസം ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിനി തേജസ്വിനി റെഡ്ഡി ലണ്ടനിൽ ബ്രസീൽ സ്വദേശിയായ യുവാവിന്റെ കുത്തേറ്റ് മരിച്ചിരുന്നു. കുത്തേറ്റ തേജസ്വിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴിഞ്ഞ വർഷം മാർച്ചിലാണ് ബിരുദാനന്തര പഠനത്തിനായി ഇവർ ലണ്ടനിലെത്തിയത്. തേജസ്വിനിയും നോട്ടിങ്ഹാം യൂനിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.