കർണാടകയിൽ മഞ്ഞുരുക്കിയത് ഖാർഗെയുടെ തന്ത്രം
text_fields20ലേറെ വർഷത്തിനു ശേഷം ആദ്യമായാണ് കോൺഗ്രസിന് ഗാന്ധി ഇതര കുടുംബത്തിൽ നിന്ന് ഒരു അധ്യക്ഷനെ ലഭിക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെ പേര് അധ്യക്ഷ പദവിയിലേക്ക് ഉയർന്നു കേട്ടപ്പോൾ മുതൽ അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ച് പലർക്കും സംശയമുണ്ടായിരുന്നു.
എന്നാൽ ഒട്ടും ആശങ്ക വേണ്ടെന്നും കോൺഗ്രസ് അധ്യക്ഷനെന്ന പദവിയിലിരിക്കാൻ താൻ യോഗ്യനാണെന്ന് തെളിയിച്ചിരിക്കുകയാണ് ഖാർഗെ. രണ്ട് നേതാക്കൾ മുഖ്യമന്ത്രിപദത്തിനായി അവകാശ വാദത്തിനായി അവകാശവാദമുന്നയിച്ചപ്പോൾ ഇലക്കും മുള്ളിനും കേടില്ലാത്ത വിധം അത് പരിഹരിച്ച ഖാർഗെക്കാണ് അതിന്റെ ക്രെഡിറ്റ് മുഴുവൻ. ഇതോടെ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പിന്നാലെ കോൺഗ്രസിന്റെ അമരത്തിരിക്കാൻ താൻ യോഗ്യനാണെന്ന് ഖാർഗെ തെളിയിച്ചിരിക്കുന്നു. നേരത്തേ ഹിമാചൽ പ്രദേശിലെ അധികാര തർക്കവും ഖാർഗെ രമ്യമായി പരിഹരിച്ചിരുന്നു.
കർണാടകയിൽ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അധികാര തർക്കത്തിൽ ഇടപെടാതെ മാറി നിന്ന് ഷിംലയിൽ അവധിയാഘോഷിക്കുകയായിരുന്നു സോണിയ ഗാന്ധി. ചർച്ചകൾക്കായി രാഹുൽ ഗാന്ധി എത്തിയത് ഖാർഗെയുടെ വീട്ടിലേക്കാണ്.
പാർലമെന്റിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിട്ടുള്ള ഖാർഗെ, ജൻമനാടായ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിൽ അണിചേരണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഖാർഗെയോട് ആവശ്യപ്പെട്ടിരുന്നു. കർണാടകയിലെ അധികാര തർക്കം പരിഹരിച്ചത് ഖാർഗെയെ സംബന്ധിച്ച് മധുരപ്രതികാരം കൂടിയാണ്. സംസ്ഥാനത്തു നിന്നുള്ള പ്രധാന കോൺഗ്രസ് നേതാവെന്ന നിലയിൽ മൂന്നുതവണയാണ് ഖാർഗെക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായത്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഖാർഗെയുടെ എതിരാളിയായിരുന്ന സിദ്ധരാമയ്യയെയാണ് ഇത്തവണ ഖാർഗെ പിന്തുണച്ചതെന്നും ഇതോട് ചേർത്തുവായിക്കണം. ഡി.കെ. ശിവകുമാറിനോട് ഖാർഗെക്കുള്ള മൃദുസമീപനവും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തന്റെ തന്നെ പ്രതിഫലനമായാണ് ഖാർഗെ ശിവകുമാറിനെ കാണുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.