ബംഗാൾ വിരുദ്ധ പ്രചാരണമെന്ന്: തൃണമൂൽ മൂന്ന് ടി.വി ചാനലുകൾ ബഹിഷ്കരിക്കും
text_fieldsന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് ചാനലുകൾ ബംഗാൾ വിരുദ്ധ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തങ്ങളുടെ വക്താക്കളെ ടി.വി ചാനൽ ചർച്ചകൾക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ചാനൽ ചർച്ചക്കിടെ മുതിർന്ന തൃണമൂൽ നേതാവ് കക്കോളി ഘോഷ് ദസ്തിദാറും ബി.ജെ.പി എം.എൽ.എ അഗ്നിമിത്ര പോളും തമ്മിലുള്ള തർക്കത്തിന് പിന്നാലെയാണിത്.
‘എ.ബി.പി ആനന്ദ, റിപ്പബ്ലിക്, ടി.വി 9 തുടങ്ങിയ ചാനലുകളിലേക്ക് അവരുടെ നിരന്തരമായ ബംഗാൾ വിരുദ്ധ അജണ്ട പ്രേരിത കുപ്രചാരണങ്ങൾ കാരണം ഞങ്ങളുടെ വക്താക്കളെ അയക്കേണ്ടതില്ലെന്ന് എ.ഐ.ടി.സി തീരുമാനിച്ചിരിക്കുന്നു. അവരുടെ പ്രൊമോട്ടർമാരും കമ്പനികളും നേരിടുന്ന എൻഫോഴ്‌സ്‌മെന്‍റ് കേസുകൾ കാരണം ഡൽഹിയിലെ ‘ജമീന്ദർമാരെ’ തൃപ്തിപ്പെടുത്താനുള്ള തന്ത്രം ഞങ്ങൾ മനസ്സിലാക്കുന്നു. ഈ പ്ലാറ്റ്‌ഫോമുകളിൽ പാർട്ടി അനുഭാവികളായോ മറ്റോ ആയി ചിത്രീകരിക്കപ്പെടുന്ന വ്യക്തികളാൽ ചർച്ചകളിലൂടെയോ സംവാദങ്ങളിലൂടെയോ പശ്ചിമ ബംഗാളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു. അവരെ പാർട്ടി അധികാരപ്പെടുത്തിയിട്ടില്ല. അത്തരക്കാർ ഞങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല -എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ തൃണമൂൽ വ്യക്തമാക്കി. ബംഗാളിലെ ജനങ്ങൾ ഈ അവിശുദ്ധ ‘ബംഗ്ലാ- ബിരോദി നെക്‌സസി‘നെ നിരസിക്കുകയും കുപ്രചാരണത്തിന് പകരം സത്യത്തെ തിരഞ്ഞെടുക്കുകയും ചെയ്യുമെന്നും അതിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.