അസമിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭം തുടരുന്നു; സത്യഗ്രഹവുമായി ഓൾ അസം വിദ്യാർഥി യൂനിയൻ
text_fieldsഗുവാഹതി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഓൾ അസം സ്റ്റുഡന്റ്സ് യൂനിയൻ സംസ്ഥാന വ്യാപകമായി സത്യഗ്രഹ സമരം നടത്തി. പ്രതിപക്ഷമായ കോൺഗ്രസിന്റെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ ബുധനാഴ്ചയും പ്രക്ഷോഭം തുടർന്നു. നിയമത്തിനെതിരെ വിദ്യാർഥി യൂനിയനും കോൺഗ്രസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
1985ലെ അസം കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് വിദ്യാർഥികളും വിവിധ സംഘടനകളും പ്രതിപക്ഷ പാർട്ടികളും സമരരംഗത്തുള്ളത്. 1971 മാർച്ച് 24നുശേഷം ബംഗ്ലാദേശിൽനിന്ന് സംസ്ഥാനത്തെത്തിയ അഭയാർഥികളെ കണ്ടെത്തി നാടുകടത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഉടമ്പടി. സി.എ.എ നടപ്പാക്കുന്നതോടെ, ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലിംകളല്ലാത്ത അഭയാർഥികൾക്ക് പൗരത്വം ലഭിക്കും.
വ്യാഴാഴ്ച ജില്ല ആസ്ഥാനങ്ങളിൽ നിയമത്തിന്റെ പകർപ്പ് കത്തിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് റിപുൻ ബോറ പറഞ്ഞു.
ഡൽഹി സർവകലാശാലയിൽ എസ്.എഫ്.ഐ പ്രതിഷേധം
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി സർവകലാശാലയിൽ പ്രതിഷേധം തുടരുന്നു. ബുധനാഴ്ച എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കാമ്പസിൽ പ്രതിഷേധിച്ചു. സമരം തുടങ്ങിയതോടെ സർവകലാശാല സുരക്ഷ വിഭാഗം വിദ്യാർഥികളെ ബലം പ്രയോഗിച്ച് കാമ്പസിന് പുറത്തേക്ക് തള്ളിമാറ്റി. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മലയാളി വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കസ്റ്റഡിയിലുണ്ട്. ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഐസയുടെ 50ലധികം പ്രവർത്തകരെ സമരം തുടങ്ങുംമുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തതായി നേതാക്കൾ ആരോപിച്ചു. കഴിഞ്ഞദിവസം ഫ്രട്ടേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ്, എസ്.ഐ.ഒ അടക്കമുള്ള വിദ്യാർഥി സംഘടനകൾ കാമ്പസിൽ പ്രതിഷേധിച്ചിരുന്നു.
വോട്ടുബാങ്ക് ലക്ഷ്യം -കെജ്രിവാൾ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കി പാകിസ്താനില്നിന്നുള്ളവരെ രാജ്യത്ത് കുടിയിരുത്താനാണ് ബി.ജെ.പി ശ്രമമെന്നും രാജ്യത്തെ തൊഴില്‍രഹിതരെയും ഭവനരഹിതരെയും കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിയമം പാസാക്കിയത് വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗാളിൽ നാടുകടത്തൽ കേന്ദ്രങ്ങൾ അനുവദിക്കില്ല -മമത
കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതി ദേശീയ പൗരത്വപ്പട്ടികയുമായി (എൻ.ആർ.സി) ബന്ധപ്പെട്ടതാണെന്നും അതിനാലാണ് താൻ നിയമത്തെ എതിർക്കുന്നതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസമിലെപ്പോലെ നാടുകടത്തൽ കേന്ദ്രങ്ങൾ സംസ്ഥാനത്ത് തുടങ്ങാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ തന്ത്രമാണ് പൗരത്വ നിയമ ഭേദഗതിയെന്നും അവർ കുറ്റപ്പെടുത്തി.
കള്ളം പ്രചരിപ്പിക്കരുതെന്ന് ബി.ജെ.പി
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിപക്ഷം കള്ളം പറയുന്നത് നിർത്തണമെന്ന് ബി.ജെ.പി. നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പ്രതിരോധവുമായി ബി.ജെ.പി രംഗത്തുവന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും രൂക്ഷമായി വിമർശിച്ച ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ്, നിയമം ആരുടെയും പൗരത്വമോ ജോലിയോ ഇല്ലാതാക്കില്ലെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.