സി.എ.എ വിരുദ്ധ സ്കൂൾ നാടകം; രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് കോടതി
text_fieldsബംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിെൻറ ഭാഗമായി കർണാടക ബിദറിലെ സ്കൂളിൽ അവതരിപ്പിച്ച നാടകത്തിന െതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്ന് ബിദർ ജില്ല സെഷൻസ് കോടതി. കേസിൽ പ്രതിചേർക്കപ്പെട്ട മാനേ ജ്മെന്‍റ് പ്രതിനിധികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹരജി ഇന്ന് തള്ളിയിരുന്നു.
'രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടിവരുമെന്ന കാര്യമാണ് കുട്ടികൾ നാടകത്തിലൂടെ അവതരിപ്പിച്ചത്. രാജ്യദ്രോഹപരമായ മറ്റൊന്നും നാടകത്തിൽ കാണാൻ കഴിയില്ല. നാടകത്തിലെ സംഭാഷണങ്ങൾ ഭരണകൂടത്തിനെതിരെ വിദ്വേഷം പരത്തുന്നതാണെന്നും പറയാനാകില്ല' -ബിദർ ജില്ല ജഡ്ജി മനഗോളി പ്രേമാവതി പറഞ്ഞു.
നാടകം സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തകർക്കുന്നതല്ല. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ മുസ്ലിംകൾ രാജ്യം വിടേണ്ടിവരുമെന്നാണ് നാടകത്തിലെ കഥാപാത്രങ്ങൾ പറയുന്നത്. മറ്റ് മതങ്ങളെ കുറിച്ച് നാടകത്തിൽ യാതൊരു പരാമർശവും ഇല്ലെന്നിരിക്കേ, സന്തുലനാവസ്ഥയെ ബാധിക്കുന്നതാണ് നാടകമെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഷഹീൻ ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡന്‍റ് അബ്ദുൽ ഖദീർ, പ്രധാനാധ്യാപകൻ അലാവുദ്ദീൻ എന്നിവർക്കൊപ്പം മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങളായ മറ്റ് മൂന്നു പേർക്കുകൂടിയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ ജയിലിൽ അടക്കപ്പെട്ട പ്രധാനാധ്യാപിക ഫരീദ ബീഗം, നാടകത്തിൽ അഭിനയിച്ച കുട്ടിയുടെ മാതാവ് നജിബുന്നിസ എന്നിവർക്ക് ഫെബ്രുവരി 14ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജനുവരി 21നായിരുന്നു സ്കൂളിൽ നാടകം അരങ്ങേറിയത്. പരാതിയെ തുടർന്ന് ജനുവരി 28നാണ് പ്രധാനാധ്യാപികയെയും നാടകത്തിൽ അഭിനയിച്ച കുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവാണ് നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള സംഭാഷണങ്ങൾ പറഞ്ഞത്. നാടകത്തിൽ അഭിനയിച്ച കുട്ടികളെ ചൈൽഡ് വെൽഫയർ ഒാഫിസറുടെ സാന്നിധ്യമില്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും നിരവധി തവണ ചോദ്യംചെയ്തത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.