പൗരത്വ സമരക്കാര്‍ക്കെതിരെ കെജ്രിവാളിന്റെ പ്രോസിക്യൂട്ടറായി മോദിയുടെ വിശ്വസ്തൻ
text_fieldsന്യൂഡല്‍ഹി: ഏവരെയും ഞെട്ടിച്ച നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിശ്വസ്തനായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ േമത്തയെ ഡല്‍ഹിയിലെ പൗരത്വ സമരക്കാര്‍ക്കെതിരായ കേസില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിെൻറ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ പൗരത്വ സമരത്തിന് നേതൃത്വം നല്കിയ പിഞ്ച്റ തോഡ് പ്രവര്‍ത്തക ഗുല്‍ഫിഷ ഫാത്തിമക്കെതിരായ കേസില്‍ തുഷാര്‍ േമത്തയെ കൂടാതെ സംഘ്പരിവാര്‍ സഹചാരികളും മോദി സര്‍ക്കാറിെൻറ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍മാരുമായ അമന് ലേഖിയും മനീന്ദര്‍ ആചാര്യയും കെജ്രിവാള് സര്‍ക്കാറിെൻറ പ്രൊസിക്യൂട്ടര്മാരായി ഡല്‍ഹിയിലെ കീഴ്കോടതിയില്‍ ഹാജരാകും. നിയമനങ്ങള്‍ക്ക് ഡല്‍ഹി ലഫ്റ്റനൻറ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ അനുമതി നല്കി.
ഡൽഹി സര്‍ക്കാറിെൻറ സ്റ്റാന്‍ഡിങ് കോണ്‍സല്‍ രാഹുല്‍ മെഹ്റ ഡല്‍ഹി ഹൈകോടതിയെ അറിയിച്ചതാണിക്കാര്യം. ഗുല്‍ഫിഷയുടെ സഹോദരനും അഭിഭാഷകനുമായ ആഖില്‍ അഹ്മദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുന്ന വേളയിലായിരുന്നു രാഹുല്‍ മെഹ്റ ഈ വിവരം കൈമാറിയത്. ശാഹീന്‍ ബാഗ് മാതൃകയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദിലും സംഘടിപ്പിച്ച വനിത സമരത്തെ നേരിട്ട് ഒഴിപ്പിക്കാന്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് മൂന്ന് രാവും പകലും നീണ്ട ഡല്‍ഹി വര്ഗീയാതിക്രമണത്തിന് സംഘ്പരിവാര്‍ തുടക്കമിട്ടത്.
അക്രമം അഴിച്ചുവിട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ജാഫറാബാദിലെ വനിത സമരത്തില്‍ മുന്നണിയിലുണ്ടായിരുന്ന ഗുല്‍ഫിഷയെ അടക്കം അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തുകയാണ് അമിത് ഷാക്ക് കീഴിലുള്ള ഡല്‍ഹി പൊലീസ് ചെയ്തത്. കോവിഡ് 19നെ തുടര്‍ന്ന് യു.എ.പി.എ കേസുകള്‍ക്കുള്ള പ്രത്യേക കോടതികള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് മൗലികാവകാശ ലംഘനത്തിനെതിരെ ഹേബിയസ് കോര്‍പസ് ഹരജിയുമായി അഡ്വ. ആഖില്‍ ഹൈകോടതിയിലെത്തിയത്.
ഡല്‍ഹി-കേന്ദ്ര സര്‍ക്കാറുകൾ തമ്മില്‍ ഈ വിഷയത്തിലുണ്ടായ ഉടക്കിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മുന്‍ മാധ്യമ പ്രവര്‍ത്തകനും ഡല്‍ഹി സര്‍ക്കാറിെൻറ വക്താവുമായ നാഗേന്ദ്ര ശര്‍മ പറഞ്ഞു. ഡല്‍ഹി സര്‍ക്കാറില്‍ ആഭ്യന്തര വകുപ്പിെൻറ ചുമതലയുള്ള സത്യേന്ദ്ര ജെയിന് മുമ്പ് കീഴ്കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പേരുകള്‍ ഡല്‍ഹി പൊലീസ് കേസുകളില്‍ സമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ അത് മാറ്റി ലഫ്റ്റനൻറ് ഗവര്‍ണര്‍ സ്വന്തം പട്ടിക സമര്‍പ്പിക്കുകയായിരുന്നുവെന്നും ശര്‍മ വിശദീകരിച്ചു.
ആ പട്ടിക ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിക്കുകയാണ് ചെയ്തതെന്നും സ്വീകരിച്ചില്ലെങ്കില്‍ വിഷയം രാഷ്ട്രപതിക്ക് മുമ്പാകെ എത്തുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സോളിസിറ്റര്‍ ജനറലിനെയും മുന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍മാരെയും നാല് സുപ്രീംകോടതി അഭിഭാഷകരെയും സ്വന്തം പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചതിലൂടെ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ കീഴടങ്ങിയെന്ന് അറസ്റ്റിലായ പൗരത്വ സമരക്കാര്‍ക്ക് വേണ്ടി നിരവധി കേസുകളില്‍ ഹാജരാകുന്ന അഡ്വ. മഹ്മൂദ് പ്രാച കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.