പൗരത്വ പ്രക്ഷോഭം: ജാമ്യം ലഭിച്ചവരെ നിമിഷങ്ങൾക്കകം വീണ്ടും അറസ്റ്റുചെയ്തു
text_fieldsന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ഡൽഹി പൊലീസ് വേട്ടയാടുന്നത് തുടരുന്നു. കോടതി ജാമ്യത്തിൽ വിട്ട രണ്ട് വനിതകളെ നിമിഷങ്ങൾക്കകം മറ്റൊരു കേസിൽ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റുചെയ്തു. പിഞ്ച്ര തോഡ് പ്രവർത്തകരായ നടാഷ നർവാൾ, ദേവാംഗന കലിത എന്നിവരാണ് അറസ്റ്റിലായത്.
ജാഫ്രാബാദിൽ മെട്രോ സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയതിന് ഫെബ്രുവരി 24 ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ അനുസരിച്ചാണ് ഇരുവരെയും ആദ്യം അറസ്റ്റ് ചെയ്തത്. ഇവർ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് ആരോപിച്ച് ഡൽഹി പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. അപേക്ഷ തള്ളിയ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അജിത് നാരായണൻ ഇരുവർക്കും ജാമ്യം അനുവദിച്ചു.
ഇവർ അക്രമത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും എൻആർസി, സിഎഎ എന്നിവയ്‌ക്കെതിരേ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. ‘‘നല്ല വിദ്യാഭ്യാസമുള്ളവരാണ് പ്രതികൾ. സമൂഹത്തിൽ ശക്തമായ വേരുകളുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസുമായി സഹകരിക്കാൻ തയ്യാറാണ്. കോവിഡ് സാഹചര്യം കണക്കിലെടുക്കുമ്പോൾ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നൽകാൻ കഴിയില്ല’’ എന്നാണ് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി അഭിപ്രായപ്പെട്ടത്.
തുടർന്നാണ് നാടകീയമായി ക്രൈംബ്രാഞ്ച് രംഗപ്രവേശം ചെയ്തത്. ഡൽഹി കലാപം, കൊലപാതകം എന്നിവയിൽ ഇരുവർക്കും ബന്ധമുണ്ടെന്നാരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. 147, 353, 307, 302 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
ജാമ്യം അനുവദിച്ച അതേ ജഡ്ജിയുടെ മുമ്പാകെ ഇരുവരെയും വീണ്ടും ഹാജരാക്കി. 14 ദിവസത്തെ റിമാൻഡാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഗൂഡാലോചന വ്യക്തമാകാൻ പ്രതികളെ സമഗ്രമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂട്ടുപ്രതികളെ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നടാഷക്കും ദേവാംഗനക്കും വേണ്ടി ഹാജരായ അഭിഭാഷകരായ അദിത് എസ്. പുജാരി, തുഷാരിക മാട്ടൂ, കുനാൽ നേഗി എന്നിവർ ക്രൈംബ്രാഞ്ച് അപേക്ഷയെ എതിർത്തു. എന്നാൽ, കേസിെൻറ വസ്തുതകളും സാഹചര്യങ്ങളും അന്വേഷണത്തിെൻറ പ്രാരംഭ ഘട്ടവും പരിഗണിച്ച് ഇരുവരെയും രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുന്നതായി കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.