മതപരിവർത്തന നിരോധന ബിൽ പാസാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ
text_fieldsഅഹ്മദാബാദ്: ഏറെ വിവാദമായ മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ പാസാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ.
സഭ സമ്മേളനത്തിെൻറ അവസാന ദിനമായ ഏപ്രിൽ ഒന്നിന് ബിൽ ചർച്ചക്കെടുക്കാനാണ് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിെൻറ നീക്കം. 176 അംഗ സഭയിൽ 111 അംഗങ്ങളുടെ പിൻബലമുള്ളതിനാൽ പ്രതിപക്ഷത്തിെൻറ എതിർപ്പ് അവഗണിച്ച് ശബ്ദവോട്ടോടെ ബിൽ പാസാക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
ലവ് ജിഹാദിനെ തടയാനെന്ന വാദത്തോടെയാണ് ബി.ജെ.പി സർക്കാർ 'ഗുജറാത്ത് മതസ്വാതന്ത്ര്യ ബിൽ -2021'ന് രൂപം നൽകിയത്. 2003ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ബിൽ കൊണ്ടുവന്നത്.
മുസ്ലിം യുവാക്കൾ വിവാഹവാഗ്ദാനം നൽകി ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നുവെന്നായിരുന്നു സംഘ് പരിവാർ സംഘടനകളുടെ ആരോപണം.
എന്നാൽ, ലവ് ജിഹാദുമായി ബന്ധപ്പെട്ട ഒരു കേസുപോലും കേന്ദ്ര ഏജൻസികളിലാരും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ലോക്സഭ സമ്മേളനത്തിൽ കേന്ദ്രസർക്കാർതന്നെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം നിയമം സുപ്രീംകോടതിയിൽ നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിക്കുകയും ചെയ്തിരുന്നു.
പല സംസ്ഥാനങ്ങളും സുപ്രീം കോടതിയിൽ പുതിയ ബില്ലിനെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. എങ്കിലും, ബില്ലുമായി മുന്നോട്ടുപോകാനായിരുന്നു ബി.ജെ.പി സർക്കാറിെൻറ തീരുമാനം.
മധ്യപ്രദേശും ഉത്തർപ്രദേശും നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തെക്കാൾ അപകടകാരിയാണ് ഗുജറാത്ത് സർക്കാർ പാസാക്കാനൊരുങ്ങുന്ന ഭേദഗതി നിയമമെന്നാണ് വിലയിരുത്തൽ. നിയമം ലംഘിക്കുന്നവർക്ക് മൂന്നു മുതൽ 10 വർഷം വരെ ജയിൽശിക്ഷയും ചുരുങ്ങിയത് 50,000 രൂപ പിഴയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.