കർണാടകയിൽ മതപരിവർത്തന നിരോധനബില്ല് പാസാക്കി; സഭ ബഹിഷ്കരിച്ച് കോൺഗ്രസ്
text_fieldsപ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിൽ കർണാടക മതപരിവർത്തന നിരോധനബില്ല് പാസാക്കി. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. സഭാനടപടികൾ തുടങ്ങിയപ്പോൾ കോൺഗ്രസ് സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ചൊവ്വാഴ്ചയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. രണ്ട് ദിവസം നടന്ന ചർച്ചകൾക്കൊടുവിലാണ് പാസാക്കിയത്.
ബില്ല് അവതരണ വേളയിൽതന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്നാണ് പ്രതിപക്ഷം ആദ്യം മുതലേ ആരോപിക്കുന്നത്. കോണ്‍ഗ്രസ് ജെ.ഡി.എസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു. ബില്ലിന്‍റെ കോപ്പി കീറിയെറിഞ്ഞാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി. കെ ശിവകുമാർ പ്രതിഷേധിച്ചത്.
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ ബിൽ എന്നും പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ കോൺഗ്രസ് എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിനൊപ്പം സംസ്ഥാന വ്യാപകമായി ക്രൈസ്തവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും ബില്ലുമായി സർക്കാർ മുന്നോട്ട് പോയത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍. മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധങ്ങളും അവർ സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ആദ്യം മുതലേ ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിരുന്നു. നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ഭൂരിപക്ഷമുള്ളത് സർക്കാരിന് ആത്മവിശ്വാസം പകരുകയും ചെയ്തിരുന്നു. രഹസ്യമായി മത അധിനിവേശമാണ് നടക്കുന്നത്, ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നതെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ സഭയിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.