മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് തമിഴ്നാട് സർക്കാർ
text_fieldsന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. മതപരിവർത്തനം തടയാൻ നിയമം നിർമിക്കാൻ നിയമകമീഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ സർക്കാറുകളുടെ നിലപാട് അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ് ആണ് ഹരജി നൽകിയത്.
നിർബന്ധത്തിനോ ഭീഷണിക്കോ വഴങ്ങാതെ ജനങ്ങൾക്ക് സ്വന്തം താൽപര്യപ്രകാരം തങ്ങളുടെ വിശ്വാസം മാറാനുള്ള അവകാശമുണ്ട്. ഒപ്പം, തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശവുമുണ്ട് -സത്യവാങ്മൂലത്തിൽ തമിഴ്നാട് സർക്കാർ പറഞ്ഞു.
പൊതുതാൽപര്യ ഹരജി രാഷ്ട്രീയ പ്രേരിതമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഭരണകക്ഷിയുടെ നേതാവാണ് ഹരജിക്കാരൻ. ബി.ജെ.പിയുടെ വക്താവും ഡൽഹി യൂണിറ്റിന്‍റെ നേതാവുമായിരുന്നു. ഒരു പ്രത്യേക മതവിശ്വാസത്തിനെതിരെ അസഹിഷ്ണുത വളർത്തുകയെന്ന പാർട്ടിയുടെ അജണ്ട മുൻനിർത്തിയാണ് ഹരജി നൽകിയിരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
തമിഴ്നാട്ടിൽ ഏതാനും വർഷങ്ങളിൽ നിർബന്ധിത മതപരിവർത്തനത്തിന്‍റെ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മിഷണറികളുടെ പ്രവർത്തനം നിയമവിരുദ്ധമല്ല -സർക്കാർ വ്യക്തമാക്കി.
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ 17കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. നിർബന്ധിത മതപരിവർത്തനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് ഹരജിയിൽ ആരോപിച്ചത്. എന്നാൽ, നിർബന്ധിത മതപരിവർത്തനമാണ് ആത്മഹത്യക്ക് കാരണമെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും കേസ് സി.ബി.ഐ അന്വേഷിക്കുന്നുണ്ടെന്നും തമിഴ്നാട് സർക്കാർ പറഞ്ഞു.
നിയമം നിർമിക്കാൻ നിർദേശം നൽകുകയെന്നത് നിയമസഭകളുടെയോ പാർലമെന്‍റിന്‍റെയോ അവകാശമാണെന്നും, നിർദേശം നൽകാൻ കോടതികൾക്ക് അധികാരമില്ലെന്നും സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.