ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം തുടങ്ങുന്നേയുള്ളൂ -വി.ഡി സതീശൻ
text_fieldsജനാധിപത്യവ്യവസ്ഥിതിയിലെ രാഷ്ട്രീയസ്വാധീനത്തിനും അപ്പുറം കോര്‍പറേറ്റ് ബന്ധങ്ങളും അഴിമതിയിലൂടെ രാജ്യത്തെതന്നെ വിലയ്ക്ക് വാങ്ങാ വുന്നത്രയും പണവും ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗംചെയ്ത് സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശേഷിയുമായി നില്ക്കുന്നൊരു ഫാഷിസ്റ്റ് സംഘത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ചരിത്രപരമായൊരു ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്.
ഗാന്ധി നടന്നു-ആളുന്ന ഉപ്പുപാടങ്ങളുടെ ചുടുവഴികളിലൂടെ കാലുപൊള്ളി, കടലോരം പൂകി, വിയര്‍പ്പും കണ്ണീരും കലര്‍ത്തി വറ്റിച്ച് ഇന്ത്യയുടെ ഉപ്പു കണ്ടെത്തിയ യാത്ര. ചമ്പാരനിലെ നാട്ടുവഴികളിലൂടെ നടന്നത് സത്യഗ്രഹത്തിന്റെ കരുത്തുതേടി. വര്‍ക്കലയിലെ ശിവഗിരിക്കുന്ന് കയറി ഗുരുവിനെ വണങ്ങി. ശാന്തിനികേതനിലെ മരത്തണലുകളില് മഹാകവിക്കൊപ്പം നടന്നു. പൊടിപിടിച്ച വഴികളിൽ ദരിദ്രരെ കണ്ടു. എതിര്‍ത്തവരെയെല്ലാം കൂടെക്കൂട്ടിയ യാത്ര. ഇന്ത്യ ഒപ്പം നടന്നു, ഗാന്ധി നടപ്പുനിര്ത്തിയില്ല.
ആ വഴികളിലിപ്പോൾ ഗോദ്സെയാണ്. ബിര്‍ള മന്ദിറില്‍ ചിന്നിത്തെറിച്ച ചുടുചോരയില്‍ ചവുട്ടിയ അതേ കാലുമായി. വെണ്‍വെളിച്ചം കെട്ടു. ഇരുട്ടു പരന്നിടങ്ങളിലെല്ലാം ആ വെടിയൊച്ച നിരന്തരമായി കേട്ടുകൊണ്ടേയിരിക്കുന്നു.
ഭയം ഒരു വൈറസാണ്. ഒന്നില്‍നിന്ന് ഒരു കോടിയായി പരക്കുന്നത്. മിണ്ടാന്‍ പേടി, എഴുതാന്‍ പേടി. പ്രവര്‍ത്തിക്കാന്‍, എന്തിന് ചിന്തിക്കാന്‍പോലും പേടി. അവസാനിക്കാത്ത ഭയങ്ങളുടെ ഇരുൾക്കയത്തിലാണ് ജനം. ഭക്ഷണത്തിന്റെയും വേഷത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹികബോധത്തിന്റെയും പരിസ്ഥിതി-കാര്‍ഷിക നിലപാടുകളുടെയും ലിംഗത്തിന്റെയും ഭാഷയുടെയും എല്ലാറ്റിനുമപ്പുറം വിശ്വാസത്തിന്റെയും പേരില്‍ വേട്ടയാടപ്പെടുന്ന, തുറുങ്കിലടക്കപ്പെടുന്ന, കൊലചെയ്യപ്പെടുന്ന കാലം. കലിവാഴും കാലം.
ജനായത്തത്തെയും ഗ്രാമസഭ മുതല്‍ പാര്‍ലമെന്റ് വരെയുള്ള ജനപ്രതിനിധിസഭകളെയും ഈ ഭയത്തിന്റെയും വെറുപ്പിന്റെയും അന്യവത്കരണത്തിന്റെയും വിഷം കാര്‍ന്നുതിന്നും. വ്യത്യസ്ത നിലപാടുള്ളവര്‍, രാഷ്ട്രീയ ചേരികളിലുള്ളവര്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്, തൊഴിലാളികള്‍... ഇങ്ങനെ ആരുണ്ട് പ്രതിക്കൂട്ടില്‍ നില്‍ക്കാത്തവരായി? മറ്റൊരുവിഭാഗം മാധ്യമങ്ങളാണ്. ചെറുത്തുനില്പില്ലെങ്കില് പിന്നെ കാലു നക്കലും കുഴലൂത്തും. സത്യം അന്വേഷിക്കാനും പറയാനുമുള്ള ചങ്കുറപ്പ് കാണിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന മാധ്യമ പ്ലാറ്റ്ഫോമുകളേയുള്ളൂ. സത്യാനന്തരം സര്‍വനാശം. നിരാശയുടെ, ലക്ഷ്യമില്ലായ്മയുടെ, നിഴലിനെ പോലും പേടിക്കുന്ന മാനസികാവസ്ഥയുടെ ഇരുട്ടാണെവിടെയും. ഹിന്ദു Vs മുസ്ലിം എന്ന കഥ ആളിക്കത്തിച്ചും ആദിമമായ സനാതനമായ ഒരു ജീവവിശ്വാസത്തെ വളച്ചൊടിച്ചും രാമകഥ രാഷ്ട്രീയലാഭമാക്കിയും സൃഷ്ടിക്കുന്ന സാമ്രാജ്യം. ഭാരതീയമായ എല്ലാ നന്മകളുടെയും തിരസ്കരണമാണത്.
ഇക്കാലത്താണ് ഒരു മനുഷ്യന് ഇന്ത്യയുടെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ നടക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍, സാമൂഹിക ധ്രുവീകരണങ്ങള്‍, സാമ്പത്തിക അസമത്വങ്ങള്‍. ഇവക്കെല്ലാമെതിരെ ആയിരുന്നു ഈ യാത്ര. മതേതരത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു ജനാധിപത്യ സംസ്കാരത്തെക്കുറിച്ച് ശക്തമായി സംസാരിക്കുകയാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണ്.
ഈ കെട്ടകാലത്ത് അത് അനിവാര്യതയുമാണ്. ആധുനിക ഇന്ത്യയെ നിര്‍മിച്ച കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തെ ഇല്ലായ്മചെയ്യാമെന്ന് സംഘ്പരിവാറോ മറ്റ് രാഷ്ട്രീയ എതിരാളികളോ സ്വപ്നം കാണേണ്ടതില്ല. കാരണം, കോണ്‍ഗ്രസിന്റെ ചരിത്രം അതിജീവനത്തിന്റേയും ഉയിര്ത്തെഴുന്നേല്പിന്റേതുമാണ്.
പരിഹാസത്തിലൂടെ തളര്‍ത്തി ഇല്ലാതാക്കാമെന്ന തന്ത്രമാണ് ആദ്യം സംഘ്പരിവാര്‍ പയറ്റിയത്. വസ്ത്രധാരണത്തെവരെ പരിഹരിച്ചു. ഇതിന് സമൂഹമാധ്യമങ്ങളിലെ സൈബര്‍ വെട്ടുകിളികള്ക്കൊപ്പം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും നേരിട്ടിറങ്ങി. പിന്നീട് ഭരണകൂടം വിലയ്ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ജോഡോ യാത്രയെയും രാഹുല്‍ ഗാന്ധിയെയും അവഗണിച്ചു. എന്നിട്ടും രാഹുലിന് പിന്നില്‍ ലക്ഷങ്ങള്‍ അണിനിരന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടന്നതോടെ ജനപങ്കാളിത്തം കൂടിയതല്ലാതെ കുറഞ്ഞില്ല.
ഇതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പറഞ്ഞ് യാത്ര തടയാന്‍ കേന്ദ്ര ആരോഗ്യമന്ത്രി രംഗത്തെത്തി. അതും വിജയിക്കില്ലെന്ന് കണ്ടതോടെ കശ്മീരില്‍ പൊലീസ് സുരക്ഷ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താനും ഭരണകൂടം പദ്ധതിയിട്ടു. ഭരണത്തണലില്‍ സംഘ്പരിവാര്‍ നടത്തിയ ആക്രമണങ്ങളെയൊക്കെ ഭേദിച്ചാണ് കശ്മീരില്‍, മഹാത്മജിയുടെ രക്തസാക്ഷിദിനത്തില്‍ ഐതിഹാസികമായ യാത്ര സമാപിക്കുന്നത്.
വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നൊരു ഭരണകൂടം ഭീതിയുടെയും അസ്വാതന്ത്ര്യത്തിന്റെയും വിലങ്ങണിയിച്ചിരിക്കുകയാണെന്ന് കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയിലേക്ക് എത്തിച്ചേര്‍ന്ന ജനസഞ്ചയം തന്നെയാണ് അതിനുള്ള തെളിവ്. ഭരണകൂടഭീകരതയെ ഭയക്കുന്നൊരു ജനത മാറ്റൊരു ബദല്തേടുകയാണ്. ജനാധിപത്യ വ്യവസ്ഥിതിയിലെ രാഷ്ട്രീയസ്വാധീനത്തിനുമപ്പുറം കോര്‍പറേറ്റ് ബന്ധങ്ങളും അഴിമതിയിലൂടെ രാജ്യത്തെതന്നെ വിലയ്ക്ക് വാങ്ങാവുന്നത്രയും പണവും ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗംചെയ്ത് സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശേഷിയുമായി നില്ക്കുന്നൊരു ഫാഷിസ്റ്റ് സംഘത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ചരിത്രപരമായൊരു ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. ഭാരത് ജോഡോ യാത്ര ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിെൻറ തുടക്കം മാത്രമാണ്. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.