ഭരണവിരുദ്ധ വികാരവും മോശം സ്ഥാനാർഥികളും; ബിഹാറിൽ വിയർക്കുമോ ബി.ജെ.പി
text_fieldsപാട്ന: 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റിൽ 39ഉം വിജയിച്ചത് ബി.ജെ.പിയും സഖ്യകക്ഷികളുമാണ്. എന്നാൽ, വീണ്ടുമൊരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോൾ ലാലുപ്രസാദ് യാദവിന്‍റെ നാട്ടിൽ ബി.ജെ.പിക്ക് അത്ര അനുകൂലമല്ല കാര്യങ്ങൾ. ഭരണവിരുദ്ധ വികാരവും മോശം സ്ഥാനാർഥികളും ജാതിരാഷ്ട്രീയ ഘടകങ്ങളുമെല്ലാം ചേരുമ്പോൾ ബി.ജെ.പി അൽപം പരുങ്ങലിലാണ്. മോദിയെ മാത്രം മുന്നിൽ നിർത്തി ബി.ജെ.പിക്ക് ബിഹാറിൽ 2019 ആവർത്തിക്കാനാകുമോയെന്നതാണ് ചോദ്യം. എൻ.ഡി.എക്കൊപ്പമുള്ള മുഖ്യമന്ത്രി നിതീഷ് കുമാറാകട്ടെ, ബി.ജെ.പിക്കൊപ്പമുള്ള പ്രചാരണത്തിൽ ആകെ നിറംമങ്ങിയ അവസ്ഥയിലുമാണ്.
പ്രതിപക്ഷം ശക്തിപ്രാപിച്ചതും ഭരണവിരുദ്ധവികാരവും തങ്ങളുടെ സ്ഥാനാർഥികൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലെന്ന് മുതിർന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ദ പ്രിന്‍റ് റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. നിരവധി റാലികൾ ബിഹാറിൽ അദ്ദേഹം നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോഴേക്കും 15 റാലികളാണ് മോദി ബിഹാറിൽ പൂർത്തിയാക്കുക.
മോദിക്ക് പുറമേ അമിത് ഷായും പാട്ന കേന്ദ്രീകരിച്ച് പ്രചാരണത്തിലുണ്ടായിരുന്നു. ഇന്ന് നടക്കുന്ന ആറാംഘട്ടത്തിലും ജൂൺ ഒന്നിലെ അവസാന ഘട്ടത്തിലുമായി എട്ട് വീതം മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുന്നത്. മേയ് 12ന് റാലിയിൽ പങ്കെടുത്ത മോദി മേയ് 25ന് വീണ്ടും ബിഹാറിലെത്തി റാലിയിൽ പങ്കെടുത്തു. ഒരു പ്രധാനമന്ത്രി ആദ്യമായാണ് ഇത്തരത്തിൽ ബിഹാറിൽ അടുപ്പിച്ച് റാലി നടത്തുന്നത്. ബി.ജെ.പി ബിഹാറിനെ എത്രത്തോളം പ്രാധാന്യത്തോടെ കാണുന്നുവെന്നതിന്‍റെ തെളിവാണിതെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വീണ്ടും ബി.ജെ.പിക്കൊപ്പം ചേർന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന് അത്ര സുഖകരമല്ല കാര്യങ്ങൾ. എൻ.ഡി.എ പ്രചാരണത്തിൽ മോദിയെ മാത്രം ഉയർത്തിക്കാട്ടുമ്പോൾ മുഖ്യമന്ത്രി പാടെ ഒതുങ്ങിപ്പോകുന്നു. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം തങ്ങൾക്ക് വിനയാകാതിരിക്കാനുള്ള ബി.ജെ.പി നീക്കം കൂടി ഇതിനൊപ്പമുണ്ടെന്ന് പറയപ്പെടുന്നു. ബിഹാറിൽ തങ്ങൾക്കുള്ള അടിത്തറ 'മോദി ഇമേജി'ൽ തന്നെയാണെന്നും നിതീഷിന് അതിൽ യാതൊരു പങ്കുമില്ലെന്നുമാണ് ബി.ജെ.പി വിശ്വാസം.
നിതീഷ് കുമാറല്ലാതെ ഉയർത്തിക്കാട്ടാൻ മറ്റൊരു നേതാവ് പോലും ഇല്ലാത്ത അവസ്ഥയിലാണ് ജെ.ഡി.യു. പാർട്ടിക്ക് ഉയർന്നുവരുന്ന പുതിയ നേതാക്കളോ യുവനിരയോ ഇല്ല. നിരന്തരമായ മുന്നണിമാറ്റം പൊതുജനങ്ങൾക്കിടയിൽ മാത്രമല്ല, സ്വന്തം പാർട്ടിക്കാർക്കിടയിൽ പോലും നിതീഷിനുള്ള പ്രാധാന്യം കുറച്ചിരിക്കുകയാണ്.
അതേസമയം ബിഹാറിൽ പ്രതിപക്ഷം കരുത്താർജ്ജിക്കുകയും ചെയ്തു. ആർ.ജെ.ഡി നേതാവും ലാലുവിന്‍റെ മകനുമായ തേജസ്വി യാദവാണ് പ്രതിപക്ഷ പ്രചാരണം നയിക്കുന്നത്. മറ്റ് ഭരണനേട്ടങ്ങളോ മികവുറ്റ സ്ഥാനാർഥികളോ ഇല്ലാത്ത ബി.ജെ.പി മോദിയെ മാത്രം മുൻനിർത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പിന്നാക്ക വോട്ടുകൾ ആർ.ജെ.ഡിയിലേക്ക് കൂടുതലായി അടുക്കുന്നുവെന്നാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കണ്ടത്. 2020 ബിഹാർ തെരഞ്ഞെടുപ്പിൽ ഏവും വലിയ ഒറ്റക്കക്ഷി തേജസ്വി യാദവിന്‍റെ നേതൃത്വത്തിൽ ആർജെഡി ആയിരുന്നു. രണ്ടാമത് ബി.ജെ.പിയും. മൂന്നാമത്തെ ഒറ്റക്കക്ഷിയായിരുന്നു ജെ.ഡി.യു. സമ്മർദരാഷ്ട്രീയത്തിലൂടെയാണ് ഇരുമുന്നണിയിലും നിതീഷ് കുമാർ മുഖ്യമന്ത്രിയായത്.
എൻ.ഡിഎക്ക് പല മണ്ഡലങ്ങളിലും ജാതിസമവാക്യങ്ങൾക്ക് അനുസൃതമായ സ്ഥാനാർഥികളെ നിർത്താനായില്ലെന്ന് മുന്നണിക്കുള്ളിൽ തന്നെ വിമർശനമുണ്ട്. ഷിയോഹാറിൽ എം.പിയായിരുന്ന രമാദേവിയെ മാറ്റി ഇത്തവണ സ്ഥാനാർഥിയാക്കിയത് ജെ.ഡി.യുവിന്‍റെ ലവ്ലി ആനന്ദിനെയാണ്. രമാദേവി വൈശ്യ വിഭാഗത്തിലും ലവ്ലി ആനന്ദ് രജ്പുത് വിഭാഗത്തിലുമാണ്. സിതാമർഹിയിൽ സിറ്റിങ് എം.പി സുനിൽ കുമാർ പിന്‍റുവിനെ ജെ.ഡി.യു ഒഴിവാക്കി. പകരം ദേവേശ് കുമാർ ഠാക്കൂറിനെ മത്സരിപ്പിച്ചു. മണ്ഡലത്തിലെ പ്രമുഖ വിഭാഗമായ വൈശ്യ വിഭാഗക്കാർക്ക് ഇതിൽ വലിയ പ്രതിഷേധമാണുള്ളത്. ഇവ കൂടാതെ വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ മണ്ഡലങ്ങളിലും ശക്തമായ വോട്ടുബാങ്കാണ് വൈശ്യ വിഭാഗക്കാർ. മുംഗർ മണ്ഡലത്തിൽ ബി.ജെ.പിക്ക് നേരത്തെ കാര്യങ്ങൾ എളുപ്പമായിരുന്നു. എന്നാൽ, ഇത്തവണ ആർ.ജെ.ഡി മത്സരിപ്പിച്ചത് ധനൂക് വിഭാഗക്കാരിയായ ആശാ ദേവിയെയാണ്. ഇത് കുർമി വിഭാഗത്തിൽപെടുന്ന ജാതിയാണ്. കുർമികൾ അടുത്തകാലത്തായി ബി.ജെ.പിയോട് ചായ്‍വ് കാട്ടിയിരുന്നു. എന്നാൽ, ആശാ ദേവിയുടെ സ്ഥാനാർഥിത്വത്തോടെ മുംഗറിൽ മത്സരം കടുത്തതായി. ജെ.ഡി.യുവിന്‍റെ ലല്ലൻ സിങ്ങാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് മണ്ഡലങ്ങളും എൻ.ഡി.എയുടെ സിറ്റിങ് സീറ്റുകളാണ്. നാല് മണ്ഡലങ്ങളിൽ ജനതാദൾ യുവും മൂന്ന് മണ്ഡലങ്ങളിൽ ബി.ജെ.പിയുമാണ് മത്സരിക്കുന്നത്. സിവാനിലും ഷിയോഹറിലും സിറ്റിങ് എം.പിയെ മാറ്റിയ ജെ.ഡി.യു ഗോപാൽഗഞ്ചിലും വാൽമീകി നഗറിലും സിറ്റിങ് എം.പിമാരെ നിലനിർത്തി. പശ്ചിമ ചമ്പാരൺ, പൂർവ ചമ്പാരൺ, മഹാരാജ്ഗഞ്ച് എന്നീ മണ്ഡലങ്ങളിൽ സിറ്റിങ് എം.പിമാരെയാണ് ബി.ജെ.പി ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.