‘ഇത് ഹിന്ദുക്കളുടെ രാജ്യം, ഇവിടെ ഹിന്ദുക്കൾ മാത്രം മതി’; വിദ്വേഷ പരാമർശവുമായി വിവാദ അഘോരി സന്യാസിനി
text_fieldsഹൈദരാബാദ്: മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ പരാമർശവുമായി ഹൈദരാബാദിലെ സ്വയം പ്രഖ്യാപിത അഘോരി സന്യാസിനി.
മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്നും വധിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന അഘോരി സന്യാസിനിയുടെ വിവാദ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1.49 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരാളുടെ സമീപത്തിരുന്നാണ് ഇവർ വിദ്വേഷ, വർഗീയ പരാമർശങ്ങൾ നടത്തുന്നത്.
‘മുസ്ലിം, ക്രിസ്ത്യൻ സമുദായത്തിലെ ഓരോരുത്തരെയും വസ്ത്രമുരിച്ച് റോഡിൽ പരസ്യമായി മർദിക്കും. സനാതന ധർമം സംരക്ഷിക്കാൻ ഞാൻ എന്തും ചെയ്യും’ -വിഡിയോയിൽ അവർ പറയുന്നു. കൂടാതെ, ഇത് ഹിന്ദു രാജ്യമാണെന്നും ഇവിടെ ഹിന്ദുകൾ മാത്രം മതിയെന്നും പറയുന്നത് വിഡിയോയിൾ കേൾക്കാനാകും.
‘ഹിന്ദുക്കൾ മാത്രം താമസിക്കുന്ന രാജ്യമാക്കി മാറ്റുന്നത് എന്‍റെ ഉത്തരവാദിത്വമാണ്. ഇഷ്ടമുള്ളവർക്ക് ഏത് ആയുധവും എടുത്ത് വരാം. എന്നെ നേരിടാനുള്ള ശക്തി ആർക്കുമില്ല’ -അഘോരി സന്യാസിനി ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിലെ മുത്യാലമ്മ ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത സംഭവത്തിനു പിന്നാലെയാണ് അഘോരി സന്യാസിനി വിദ്വേഷ പരാമർശങ്ങളുമായി സജീവമാകുന്നത്.
ഇവരുടെ വിവാദ പരാമർശങ്ങൾ പലപ്പോഴും സംസ്ഥാനത്ത് ക്രമസമാധന പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.