എവിടെ കണ്ടാലും അവരെ സമ്പൂർണമായി ബഹിഷ്കരിക്കുക -മുസ്‌ലിംകൾക്കെതിരെ ബി.ജെ.പി എം.പിയുടെ വിദ്വേഷ പ്രസംഗം
text_fieldsന്യൂഡൽഹി: ഒരു സമുദായത്തെ സമൂഹത്തിൽ പൂർണമായി ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടും പ്രവർത്തകരെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചും ബി.ജെ.പി എം.പി. മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് ബി.ജെ.പി എം.പി പർവേശ് സാഹിബ് സിങ് വർമയുടെ വിദ്വേഷ പ്രസംഗമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം വൻ വിവാദമായിരിക്കുകയാണ്. പൊതു പരിപാടിയിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്തായിരുന്നു പർവേശിന്‍റെ പ്രസംഗം.
'ഉന്തുവണ്ടികളിൽ സാധനങ്ങൾ വിൽക്കുന്ന അവരിൽനിന്ന് പച്ചക്കറികൾ വാങ്ങരുത്. അവരുടെ മത്സ്യ-മാംസ കടകൾക്ക് ലൈസൻസ് ഇല്ലെങ്കിൽ അടച്ചുപൂട്ടിക്കാൻ മുനിസിപ്പൽ കോർപറേഷനോട് ആവശ്യപ്പെടണം. അവർക്ക് ഒരു ജോലിയും നൽകരുത്. അവരുടെ തല നേരെയാക്കണമെങ്കിൽ എവിടെ കണ്ടാലും സമ്പൂർണമായി ബഹിഷ്കരിക്കുക മാത്രമാണ് പ്രതിവിധി. ഇക്കാര്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിൽ കൈ ഉയർത്തുക' -ബി.ജെ.പി എം.പി ആവശ്യപ്പെട്ടു.
ഇത് അംഗീകരിച്ച പ്രവർത്തകരെല്ലാം കൈകൾ ഉയർത്തുകയും ചെയ്തു. 'നമ്മൾ അവരെ ബഹിഷ്കരിക്കും' എന്ന് പ്രതിജ്ഞ ചൊല്ലാനും സദസ്സിനോട് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു. പ്രസംഗം വിവാദമായതോടെ, താൻ പ്രത്യേകിച്ച് ഒരു സമുദായത്തേയും ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് പർവേശിന്‍റെ പ്രതികരണം.
പ്രസംഗത്തിനെതിരെ എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ബി.ജെ.പി മുസ്‌ലിംകൾക്കെതിരെ ഒരു യുദ്ധം തുടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിഷയത്തിൽ പ്രതികരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.
ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ഡൽഹി പൊലീസിനോട് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.