മുൻ ഡി.ജി.പി ഓംപ്രകാശ് വധക്കേസിൽ ഭാര്യയെ തെളിവില്ലാതെ പ്രതിയാക്കിയെന്ന് മുൻ ഡി.വൈ.എസ്.പി അനുപമ
text_fieldsമംഗളൂരു: വിരമിച്ച കർണാടക ഡി.ജി.പി ഓം പ്രകാശ് കൊല്ലപ്പെട്ട സംഭവത്തിൽ തെളിവില്ലാതെയാണ് പൊലീസ് ഭാര്യ പല്ലവിയെ പ്രതിയാക്കിയതെന്ന് മുൻ ഡി.വൈ.എസ്.പി അഡ്വ. അനുപമ ഷേണായി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. കൊലപാതകത്തിൽ ഒരു നിരോധിത സംഘടനക്ക് പങ്കുണ്ടെന്ന് ആരോപിച്ച ഭാരതീയ ജനശക്തി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ അനുപമ, കേസ് എൻ.ഐ.എ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു.
ഓം പ്രകാശിന് നിരോധിത സംഘടന അംഗങ്ങളുമായും കുറ്റവാളികളുമായും ബന്ധമുണ്ടെന്ന് ഭാര്യ പല്ലവി ഒരു വാട്സ്ആപ് സന്ദേശത്തിൽ പറഞ്ഞതായി അനുപമ അവകാശപ്പെട്ടു. സിദ്ധരാമയ്യ സർക്കാറിന്റെ കാലത്ത് നിരോധിത സംഘടന കേഡർമാരെ പൊലീസ് വകുപ്പിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടോ, അവരെ വകുപ്പിൽ ഉൾപ്പെടുത്താൻ സമ്മർദ്ദം ഉണ്ടായിരുന്നോ എന്നീ കാര്യങ്ങൾ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പല്ലവിയുടെയും മകളുടെയും മാനസികാരോഗ്യത്തെക്കുറിച്ച് നിരവധി ചർച്ചകൾ താൻ നിരീക്ഷിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രസ്താവനകൾക്കനുസൃതമായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ആ രാക്ഷസനെ താൻ കൊന്നു എന്ന് പല്ലവി മറ്റൊരു പൊലീസ് ഓഫിസർക്ക് അയച്ചതായി പറയുന്ന വാട്സ്ആപ് സന്ദേശം അടിസ്ഥാനമാക്കിയാണ് അവരെ പൊലീസ് പ്രതിയാക്കിയത്. അതേസമയം ഈ വിഷയത്തിൽ തന്റെ മകൾക്ക് പങ്കില്ലെന്ന് വ്യക്തമായി പറഞ്ഞ അമ്മയെ പൊലീസ് വിശ്വസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഷേണായി ആരാഞ്ഞു. ഓം പ്രകാശിന്റെ ഭാര്യയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന വാദത്തെ പിന്തുണക്കുന്ന തെളിവുകളോ സി.സി.ടി.വി ദൃശ്യങ്ങളോ സാക്ഷികളോ ഇല്ല.
അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തിയതിൽ നിരോധിത സംഘടന അംഗങ്ങൾക്ക് പങ്കുണ്ടെന്ന് തോന്നുന്നുവെന്നും അനുപമ ആരോപിച്ചു. ഓം പ്രകാശിന്റെ കൊലപാതകം ആസൂത്രണം ചെയ്തതാണ്. തുടർന്ന് അവർ ഭാര്യയെ കുറ്റസമ്മതം നടത്താനും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് 'ഞാൻ ആ രാക്ഷസനെ കൊന്നു' എന്ന് സന്ദേശം അയക്കാനും നിർബന്ധിച്ചു എന്നും അനുപമ ആരോപിച്ചു. കോൺഗ്രസ് സർക്കാറിന്റെ ഭീഷണികൾക്ക് വഴങ്ങാതെ ഓം പ്രകാശിന്റെ മകൻ അമ്മക്കും സഹോദരിക്കും ഒപ്പം നിൽക്കണമെന്നും അനുപമ ഷേണായ് പറഞ്ഞു.
നിരോധിത സംഘടനയുടെ പങ്കാളിത്തം സംബന്ധിച്ച് എൻഐഎ സമഗ്രമായി അന്വേഷിക്കണം. അവരുടെ പങ്കാളിത്തത്തെക്കുറിച്ച് തനിക്ക് മതിയായ തെളിവുകൾ ഉണ്ട്. തനിക്ക് അത് 100 ശതമാനം തെളിയിക്കാൻ കഴിയുമെന്ന് അനുപമ അവകാശപ്പെട്ടു. ബെല്ലാരി ജില്ലയിലെ കുഡ്‌ലിഗി സബ് ഡിവിഷനിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി)യായിരിക്കെ 2017 രാജിവെച്ചാണ് അനുപമ ഷേണായി പൊതുരംഗവും അഭിഭാഷക ജോലിയും തെരഞ്ഞെടുത്തത്.
കുഡ്‌ലിഗി ബസ് സ്റ്റാൻഡിന് സമീപം അംബേദ്കർ ഭവനിലേക്കുള്ള വഴി തടസ്സപ്പെടുത്തി മദ്യശാല നിർമ്മിക്കുന്നതിന് എതിരെ ദലിത് സംഘടനകൾ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് രവി, ബി.ജെ.പി കുഡ്‌ലിഗി ടൗൺ പഞ്ചായത്ത് അംഗം രജനീകാന്ത, കൃഷ്ണമൂർത്തി എന്നിവരെ ഡി.വൈ.എസ്.പി അനുപമ അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ഇട്ടിരുന്നു. ഈ വിഷയത്തിൽ ഇടപെട്ട അന്നത്തെ ജില്ല ചുമതലയുള്ള തൊഴിൽ മന്ത്രി പി.ടി. പരമേശ്വർ നായിക്കിന്റെ ഫോൺ സംസാരം അനുപമ പാതിയിൽ അവസാനിപ്പിച്ചു. ഈ നടപടിയെത്തുടർന്ന് വകുപ്പ് മേലധികാരികളിൽ നിന്നുണ്ടായ സമീപനത്തിൽ മനംമടുത്താണ് രാജിവെച്ചത്.
‘മേഖലയിലെ മദ്യമാഫിയയെ നിയന്ത്രിക്കാൻ ഞാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കുഡ്‌ലിഗിയിൽ മദ്യലോബി വളരെ ശക്തമാണ്. സർക്കിൾ ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പോലും അതിന് വഴങ്ങി. രാഷ്ട്രീയമായി സ്വാധീനമുള്ള ചില വ്യക്തികളുടെയും ജില്ലാ ചുമതലയുള്ള മന്ത്രിയുടെയും നിർദേശപ്രകാരം എനിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. പ്രതിഷേധം തടയാൻ എനിക്ക് പൂർണ്ണമായും കഴിഞ്ഞില്ല. വകുപ്പിന്റെ ഏത് അച്ചടക്ക നടപടിയും നേരിടാൻ ഞാൻ തയ്യാറാണ്. ഈ സംഭവവികാസങ്ങളിൽ അസ്വസ്ഥയായി ഞാൻ രാജിവയ്ക്കുന്നു’ -എന്നാണ് രാജിക്കത്തിൽ പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.