അപ്പോൾ ആ ചാനലിനെതിരെ രാജ്യദ്രോഹ കേസില്ലേ -ജസ്റ്റിസ് ചന്ദ്രചൂഢ്
text_fieldsന്യൂഡൽഹി: രാജ്യദ്രോഹ കേസ് ചുമത്തുന്നതിലെ വകതിരിവില്ലായ്മയെ പരിഹസിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്നത് സംബന്ധിച്ച് ഒരു ചാനലിൽ വാർത്ത കണ്ടിരുന്നുവെന്ന് ജസ്റ്റിസ് എൽ നാഗേശ്വര റാവു പറഞ്ഞപ്പോഴാണ് 'അപ്പോൾ ആ ചാനലിനെതിരെ രാജ്യദ്രോഹ കേസൊന്നുമില്ലേ'' എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പരിഹസിച്ചത്.
തിങ്കളാഴ്ച സുപ്രീംകോടതിയിൽ മറ്റൊരു കേസിന്‍റെ വിചാരണക്കിടയിലായിരുന്നു മാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്ന പ്രവണതയെ ജഡ്ജി കണക്കിന് പരിഹസിച്ചത്. കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ മാന്യമായി കൈകാര്യം ചെയ്യുന്നതിന് മാർഗനിർദ്ദേശങ്ങൾ ആവിഷ്‌കരിക്കണമെന്ന് അമിക്കസ് ക്യൂറി സീനിയർ അഡ്വക്കേറ്റ് മീനാക്ഷി അറോറ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. ഇതിനിടെ, കോവിഡ് ബാധിച്ച രോഗികളുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്നതിനെക്കുറിച്ച് ഒരു വാർത്ത ചാനലിൽ റിപ്പോർട്ട് കണ്ടതായി ജസ്റ്റിസ് എൽ. നാഗേശ്വര റാവു പറഞ്ഞു. ഇതിനുപിന്നാലെയാണ് "ആ വാർത്ത കാണിച്ചതിന് പ്രസ്തത ചാനലിനെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല" എന്ന് ചന്ദ്രചൂഢ് പറഞ്ഞത്.
ഈ കേസ് പരിഗണിച്ചതിന് ശേഷം ടിവി 5, എ.ബി.എൻ ആന്ധ്ര ജ്യോതി എന്നീ തെലുഗു വാർത്താ ചാനലുകളുടെ ഹർജികളായിരുന്നു കോടതിക്ക് മുമ്പാകെ എത്തിയത്. ആന്ധ്രാപ്രദേശ് പൊലീസ് തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസ് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ ഹരജി. തൊട്ടുമുൻപ് കഴിഞ്ഞ ഹരജിയിൽ വാദം കേൾക്കുേമ്പാൾ ഈ വിഷയം തന്‍റെ മനസ്സിലുണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. രാജ്യദ്രോഹത്തെക്കുറിച്ചുള്ള തന്‍റെ പ്രസ്തുത പരാമർശം ഈ കേസിന്‍റെ പഴ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട്, ഈ ചാനലുകൾക്കെതിരെയുമുള്ള രാജ്യദ്രോഹക്കേസ് കോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ട സമയമാെയന്ന് ചൂണ്ടിക്കാട്ടിയ കോടതി ചാനലുകൾക്കെതിരെ രാജ്യദ്രോഹകേസ് എടുക്കാനുള്ള തീരുമാനം അവരുടെ അവകാശം ലംഘിക്കുന്നതാണെന്നും വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിൽ ആന്ധ്ര സർക്കാറിന്‍റെ നടപടികളെ വിമർശിച്ച വൈ.എസ്.ആർ കോൺഗ്രസ് വിമത എം.പിയായ കാനുമുരി രഘുരാമ കൃഷ്ണ രാജുവിന്‍റെ പ്രസ്താവന റിപ്പോർട്ട് ചെയ്തതിനാണ് ചാനലുകൾക്കെതിരെ ആന്ധ്ര സർക്കാർ നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.