കശ്മീരിനെ പകർത്തിയ അസോസിയേറ്റഡ് പ്രസിന് പുലിറ്റ്സർ പുരസ്കാരം
text_fieldsന്യൂയോർക്ക്: പ്രത്യേക പദവി എടുത്തുകളയുകയും വിഭജിക്കുകയും ചെയ്തതിനു പിന്നാലെ ജമ്മു കശ്മീരിെൻറ നേർചിത്രങ്ങൾ പുറംലോകത്തെത്തിച്ച അന്താരാഷ്ട്ര ഫോട്ടോ ഏജൻസി അസോസിയേറ്റഡ് പ്രസിന് പുലിറ്റ്സർ പുരസ്കാരം. ദർ യാസിൻ, മുഖ്താർ ഖാൻ, ഛന്നി ആനന്ദ് എന്നീ ഫൊട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണ് ഫീച്ചർ ഫൊട്ടോഗ്രാഫി ഇനത്തിൽ പുലിറ്റ്സർ പുരസ്കാരം സ്വന്തമാക്കിയത്.
റോഡുകളിലൂടെ നുഴഞ്ഞുകയറിയും വീടുകളിൽ ഒളിച്ചുപാർത്തും കാമറ പച്ചക്കറി സഞ്ചിയിൽ ഒളിപ്പിച്ചും സാഹസികമായാണ് ചിത്രങ്ങൾ പകർത്തിയതെന്ന് ഫൊട്ടോഗ്രാഫർമാർ പ്രതികരിച്ചു. ‘‘അതൊരു പൂച്ചയും എലിയും കളിയായിരുന്നു. എന്നെന്നേക്കുമായി നിശബ്ദരാക്കപ്പെടാതിരിക്കാനായി ഞങ്ങൾ ദൃഢനിശ്ചയം ചെയ്തു’’ ദർ യാസീൻ പ്രതികരിച്ചു. ദർ യാസിൻ, മുഖ്താർ ഖാൻ എന്നിവർ ശ്രീനഗർ കേന്ദ്രീകരിച്ചും ഛന്നി ആനന്ദ് ജമ്മുകേന്ദ്രീകരിച്ചുമാണ് പ്രവർത്തിച്ചത്.
പത്രപ്രവർത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ ശ്രദ്ധേയനേട്ടങ്ങൾക്ക് നൽകപ്പെടുന്ന അമേരിക്കൻ പുരസ്കാരമായ പുലിറ്റ്സറിന് പത്രപ്രവർത്തകരുടെ ഒാസ്കർ എന്നും വിളിപ്പേരുണ്ട്. ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയാണ് നിയന്ത്രിക്കുന്നത്. 1917 ലാണ് ആദ്യ പുലിറ്റ്സർ പുരസ്കാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.