മോദി സ്തുതിയുമായി മുലായം സിങിന്റെ ഇളയ മരുമകൾ ബി.ജെ.പിയിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ, സമാജ്‍വാദി പാർട്ടിക്ക് വെല്ലുവിളിയുയർത്തി മുലായം സിങ് യാദവിന്റെ ഇളയ മരുമകൾ ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സമാജ്‍വാദി പാർട്ടി പരമോന്നത നേതാവ് മുലായമിന്റെ മകൻ പ്രതീക് യാദവിന്റെ ഭാര്യ അപർണ യാദവ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഇളയ സഹോദരനായ പ്രതീക് യാദവിന്റെ ഭാര്യയുടെ 'കൂറുമാറ്റം' പാർട്ടിക്ക് നല്ല തലവേദനയാണ് സമ്മാനിച്ചിരിക്കുന്നത്.
'മുലായംസിങിന്റെ മരുമകൾ' എന്ന വിശേഷണത്തോടെയാണ് ബി.ജെ.പി നേതാക്കൾ അപർണയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തിലായിരുന്നു ഇത്. താൻ എല്ലായ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് പ്രചോദനമുൾക്കൊണ്ടിരുന്നെന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം അപർണ പറഞ്ഞു. 'ഇനി രാജ്യത്തിനായി കൂടുതൽ സേവനങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ബി.ജെ.പിയുടെ നയപരിപാടികളെല്ലാം മികച്ചതായാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. ഞാൻ എന്റെ മികച്ച സേവനം പാർട്ടിക്കുവേണ്ടി ചെയ്യും' -അപർണ പറഞ്ഞു.
അപർണയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും അഖിലേഷ് യാദവ് കുടുംബത്തിലും രാഷ്ട്രീയത്തിലും പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു. ഏറെ നാളുകൾ നീണ്ട ചർച്ചകൾക്കുശേഷമാണ് അപർണ ബി.ജെ.പിയിൽ ചേരാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അപർണ ലഖ്നോ കണ്ടോന്റ്മെന്റ് മണ്ഡലത്തിൽ സമാജ്‍വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് തോറ്റിരുന്നു. എങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി മണ്ഡലം കേന്ദ്രീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി വരികയാണ് അപർണ. വനിതകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന 'ബിഅവയർ' എന്ന സംഘടനക്ക് നേതൃത്വം നൽകുന്നതും 32കാരിയായ അപർണയാണ്. ലഖ്നോവിൽ കന്നുകാലികൾക്കുവേണ്ടിയുള്ള ഒരു അഭയകേന്ദ്രവും അപർണ നടത്തുന്നുണ്ട്.
മുമ്പും മോദി സ്തുതിയുടെ പേരിൽ അപർണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 2017ൽ അപർണ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതും വാർത്തയായിരുന്നു. അപർണയെ ലഖ്നോ കണ്ടോന്റ്മെന്റ് മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് സൂചന. എന്നാൽ, ഈ സീറ്റിൽ തന്റെ മകനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് 2017ൽ അവിടെ അപർണയെ തോൽപ്പിച്ച ബി.ജെ.പിയുടെ റീത്ത ബഹുഗു ജോഷി സജീവമായി രംഗത്തുണ്ട്. തന്റെ മകൻ 2009 മുതൽ പാർട്ടിക്കുവേണ്ടി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അവർ വാദിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.