‘മാപ്പ് പറഞ്ഞത് തീവ്രവാദികളോടല്ല, കലാപത്തിന്റെ ഇരകളോട്’; പ്രതിപക്ഷ വിമർശനത്തിന് ബിരേൻ സിങ്ങിന്റെ മറുപടി
text_fieldsഇംഫാൽ: താൻ മാപ്പ് പറഞ്ഞത് തീവ്രവാദികളോടല്ലെന്നും വംശീയ കലാപത്തിന്റെ കഷ്ടതകൾ അനുഭവിക്കേണ്ടി വന്നവരോടാണെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരോട് മാപ്പു പറയേണ്ട കാര്യം തനിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിരേൻ സിങ് മാപ്പ് പറഞ്ഞാൽ പോരാ, രാജിവെക്കണമെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് പ്രതികരണം.
താൻ മാപ്പ് പറഞ്ഞതിനെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്നും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ താൽപര്യമില്ലാത്തവരാണ് അവരെന്നും മുഖ്യമന്ത്രി വിമർശിച്ചു. 20 മാസമായി തുടരുന്ന വംശീയ കലാപത്തിൽ 250ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഡിസംബർ 31നാണ് ബിരേൻ സിങ് മാപ്പപേക്ഷയുമായി രംഗത്ത് വന്നത്. സംസ്ഥാനത്ത് സംഭവിച്ചതിന് മാപ്പു ചോദിക്കുന്നുവെന്നും ഇതുവരെ നടന്നതെല്ലാം എല്ലാ വിഭാഗക്കാരും മറക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ സമാധാനം പുനഃസ്ഥാപിക്കാൻ യാതൊന്നും ചെയ്യാത്ത മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു.
“എന്റെ വാക്കുകൾ രാഷ്ട്രീയവൽക്കുന്നവർ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നില്ല. പ്രതിക്ഷത്തിന് യാതൊരു ആശയസംഹിതയുമില്ല. എന്റെ മനസ്സിലെ ദുഃഖത്തിന്റെയും സങ്കടത്തിന്റെയും പ്രതിഫലനമായിരുന്നു വാക്കുകളിലൂടെ വന്നത്. ഉറ്റവരെ നഷ്ടപ്പെട്ടവരോടും കഷ്ടതകൾ അനുഭവിച്ചവരോടുമാണ് ഞാൻ മാപ്പ് പറഞ്ഞത്. തീവ്രവാദികളോട് ഞാനെന്തിന് മാപ്പ് പറയണം? നിഷ്കളങ്കരോടും സ്വന്തം വീട് വിട്ട് പോകേണ്ടിവന്നവരോടുമാണ് ഞാൻ മാപ്പ് പറഞ്ഞത്. സൂര്യനാണ് ചന്ദ്രനെന്ന് പറയുന്നവരാണ് പ്രതിപക്ഷം. സംസ്ഥാനം അശാന്തമാകണമെന്ന് അവർ ആഗ്രഹിക്കുന്നു” -ബിരേൻ സിങ് പറഞ്ഞു.
നേരത്തെ ബിരേൻ സിങ് രാജിവെച്ച് പുറത്തുപോവുകയാണ് വേണ്ടതെന്ന് സി.പി.ഐ മണിപ്പൂർ ഘടകം പ്രതികരിച്ചിരുന്നു. ഭരണത്തിന്റെ സമ്പൂർണ തകർച്ച വ്യക്തമാക്കുന്നതാണ് മണിപ്പൂരിലെ പ്രതിസന്ധി. ക്രമസമാധാനം നിലനിർത്തുന്നതിലും പൗരന്മാരെ സംരക്ഷിക്കുന്നതിലും നീതി ഉറപ്പാക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. വ്യാപക ദുരിതത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും മണിപ്പൂരിനെ നയിച്ചു. മുഖ്യമന്ത്രിയുടെ ക്ഷമാപണം സംസ്ഥാനത്തെ പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നതാണ്. അനുരഞ്ജനത്തിനായി അർഥവത്തായ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും സി.പി.ഐ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.