തമിഴ് നടൻ മോഹൻ തെരുവിൽ മരിച്ചനിലയിൽ; കടുത്ത ദാരിദ്ര്യം കാരണം ഉപജീവനം കണ്ടെത്തിയിരുന്നത് ഭിക്ഷാടനം നടത്തിയെന്ന്
text_fieldsകമൽഹാസന്‍റെ സൂപ്പർഹിറ്റ് ചിത്രം ‘അപൂർവ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടൻ മോഹൻ തെരുവിൽ മരിച്ചനിലയിൽ. തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പരൻകുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 60 കാരനായ നടൻ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു എന്നാണ് അയൽവാസികളും നാട്ടുകാരും പറയുന്നത്. വർഷങ്ങളായി അദ്ദേഹം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങൾക്ക് പേരുകേട്ട നടനായിരുന്നു മോഹൻ. 1989ൽ പുറത്തിറങ്ങിയ ‘അപൂർവ സഹോദരങ്ങൾ’ എന്ന കമൽഹാസൻ ചിത്രത്തിൽ ഇരട്ട കഥാപാത്രങ്ങളിൽ ഒരാളായ അപ്പുവിന്റെ (കമൽഹാസൻ) ഉറ്റ സുഹൃത്തിനെയാണ് മോഹൻ അവതരിപ്പിച്ചത്. അതിനു ശേഷം, ആര്യയെ നായകനാക്കി അത്ഭുത മനിതർകൾ, ബാലയുടെ നാൻ കടവുൾ എന്നിവയുൾപ്പെടെ ഏതാനും ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തു.
അവസാന കാലത്ത് നടൻ ഒരു ജോലി ലഭിക്കാൻ പാടുപെടുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. 10 വർഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. സിനിമ ലഭിക്കാതായതോടെ ജന്മനാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് തിരുപ്പരൻകുണ്ഡത്തേക്ക് താമസം മാറ്റുകയും ചെയ്തു. ജൂലായ് 31-ന് ഇദ്ദേഹത്തെ റോഡിൽ മരിച്ച നിലയിൽ കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. താരത്തെ തിരിച്ചറിയാൻ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മധുര സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നടൻ മോഹനാണെന്ന് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ല. ആരോഗ്യനില മോശമായതിനാൽ മോഹൻ സ്വാഭാവിക കാരണങ്ങളാൽ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
മോഹന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയി കുടുംബത്തിന് വിട്ടുനൽകും. മോഹന് മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.