ആപ് മാധ്യമങ്ങളെ പിടിക്കുന്നു; ആധി പ്രകടമാക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: കോടികൾ ചെലവിട്ട് മാധ്യമങ്ങളെയും സമൂഹ മാധ്യമങ്ങളെയും വരുതിയിലാക്കി പ്രചാരണത്തിൽ മേൽക്കൈ നേടിയ 'പഞ്ചാബ് മോഡൽ' വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും പയറ്റാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചതോടെ വിമർശനവുമായി ബി.ജെ.പി. മാധ്യമങ്ങളെ ഉപയോഗിച്ച് ആപ് അനുകൂല അന്തരീക്ഷം ഒരുക്കുന്നുവെന്നും ഗ്രൗണ്ടിൽ അവർക്കൊന്നുമില്ലെന്നും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുറാണ് ആരോപിച്ചത്.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആപ് ഒരുക്കങ്ങളെ പരാമർശിച്ച് ചണ്ഡിഗഢിലാണ് ഠാകുർ ഇങ്ങനെ പറഞ്ഞത്. എന്നാൽ ജനങ്ങൾ മോദിയെ നോക്കി ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നും ഠാകുർ പറഞ്ഞു.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് തന്നെ ഭൂരിഭാഗം പഞ്ചാബി ഇലക്ട്രോണിക്- പത്ര മാധ്യമങ്ങളെയും യുട്യൂബ് ചാനലുകളെയും കോടികളുടെ പരസ്യം നൽകി ആം ആദ്മി പാർട്ടി തങ്ങളുടെ വരുതിയിലാക്കിയിരുന്നു. സമൂഹമാധ്യമങ്ങളുടെ സാധ്യത അറിയുന്ന ആപ് ഐ.ടി സെൽ പഞ്ചാബിൽ ഉപയോഗിച്ച നിരവധി യു ട്യൂബ് ചാനലുകളെ ഹരിയാനയിലും ഉപയോഗപ്പെടുത്താൻ ധാരണയിലെത്തിയിട്ടുണ്ട്. പഞ്ചാബ് ഭരണം കൂടി കിട്ടിയതിനാൽ കൂടുതൽ വിഭവ സമാഹരണത്തിന് വഴി തുറന്നുകിട്ടിയ പാർട്ടി ഗുജറാത്തിൽ തങ്ങളുടെ രണ്ട് മുഖ്യമന്ത്രിമാരെ (കെജ്രിവാൾ, ഭഗവന്ത് മാൻ)ഇറക്കി ഒരു വർഷം മുമ്പ് തന്നെ പ്രചാരണത്തിനിറങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.