ആപിന് ആവേശം, കോൺഗ്രസിന് അങ്കലാപ്പ്, ബി.ജെ.പിക്ക് ചിരി
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ അക്കൗണ്ട് തുറന്ന് ദേശീയ പാർട്ടിയായി മാറിയ ആം ആദ്മി പാർട്ടി കോൺഗ്രസിന് പേടിസ്വപ്നമായി കൂടുതൽ സംസ്ഥാനങ്ങളിൽ ഭാഗ്യപരീക്ഷണത്തിന്.അടുത്ത വർഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടി പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന രണ്ടു സംസ്ഥാനങ്ങളിലും കോൺഗ്രസിന്‍റെ സാധ്യതകൾക്ക് ആപ് പരിക്കേൽപിക്കും.
പരമ്പരാഗതമായി ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ ശക്തി പരീക്ഷിച്ചുപോന്ന ഗുജറാത്തിൽ ആപ് രംഗപ്രവേശം നടത്തിയതോടെ ത്രികോണ മത്സരമാണ് നടന്നത്. അഞ്ചു സീറ്റ് മാത്രമാണ് ആപ്പിന് കിട്ടിയതെങ്കിലും ബി.ജെ.പിക്ക് ചരിത്ര വിജയവും കോൺഗ്രസിന് വലിയ സീറ്റു ചോർച്ചയുമാണ് ഉണ്ടായത്. 2017ൽ 77 സീറ്റ് പിടിച്ച കോൺഗ്രസ് 17 സീറ്റിലേക്ക് ഒതുങ്ങി. 156 സീറ്റും 52.5 ശതമാനം വോട്ടുമാണ് പ്രതിപക്ഷ വോട്ട് ചിതറിയപ്പോൾ ബി.ജെ.പിക്ക് കിട്ടിയത്. കോൺഗ്രസിന് 27ഉം ആപിന് 13ഉം ആണ് വോട്ടു ശതമാനം.
ഹിമാചൽ പ്രദേശിൽ വലിയ വീറും വാശിയുമൊന്നും കാണിക്കാതിരുന്ന ആം ആദ്മി പാർട്ടിക്ക് ഒരു ശതമാനം വോട്ടാണ് കിട്ടിയത്. 15 സീറ്റ് കൂടുതൽ കിട്ടി അധികാരം തിരിച്ചു പിടിക്കാൻ സാധിച്ചെങ്കിലും, ബി.ജെ.പിയേക്കാൾ ഒരു ശതമാനത്തിൽ താഴെ വോട്ട് മാത്രമാണ് കോൺഗ്രസിന് കൂടുതൽ. ആപ് പിടിച്ച ഒരു ശതമാനം ആത്യന്തികമായി കോൺഗ്രസിനെ പരിക്കേൽപിച്ചില്ലെന്നു മാത്രം. ഡൽഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങൾക്കു പിന്നാലെ രാജസ്ഥാനിലും മധ്യപ്രദേശിലും ആപ് ഇറങ്ങിയാൽ ബി.ജെ.പിയുടെ സന്തോഷവും സാധ്യതകളുമാണ് അതിരു വിടുന്നത്.
പിന്നാലെ വരുന്ന 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ആപ് കോൺഗ്രസിന് ഭീഷണിതന്നെ. ബി.ജെ.പി നടത്തുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ചെറുപതിപ്പും സൗജന്യ രാഷ്ട്രീയത്തിന്‍റെ വലിയ പതിപ്പുമായി അരവിന്ദ് കെജ്രിവാൾ ഭാഗ്യാന്വേഷണം നടത്തുന്നത് ബി.ജെ.പിക്ക് ഫലത്തിൽ ഉപകാരമായി മാറുന്നു. ആപ് സാന്നിധ്യം വിപുലപ്പെടുത്തുന്നതിനൊപ്പം പ്രതിപക്ഷത്തെ പൊതുവായ ഭിന്നതയും യു.പി, ബിഹാർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് മുതൽക്കൂട്ടാണ്.
അതേസമയം, ഭരണകക്ഷിയിൽനിന്നും പ്രതിപക്ഷ പാർട്ടികൾക്കിടയിൽനിന്നും ഏറ്റവാങ്ങുന്ന തിരിച്ചടികളെ നേരിടാൻ കഴിയാതെ പോകുന്നത് കോൺഗ്രസിൽ അങ്കലാപ്പ് കൂട്ടുകയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ഒരു ചരടിൽ കോർത്തെടുക്കാനോ, സ്വയം നില മെച്ചപ്പെടുത്താനോ കഴിയാത്ത അനിശ്ചിതത്വത്തിലൂടെയാണ് പലവിധ നേതൃമാറ്റാചാരങ്ങൾ പിന്നിട്ട ദുർബല സംഘടനാ സംവിധാനവുമായി കോൺഗ്രസ് മുന്നോട്ടുനീങ്ങുന്നത്. രാജസ്ഥാൻവരെയെത്തിയ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലല്ലാതെ ചലനമൊന്നും സൃഷ്ടിക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.