ഇൻഡ്യ സഖ്യം വിടുമെന്ന് ആപ് ഭീഷണി; കെണികളിൽ വീഴരുതെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: 2024ലെ പൊതു തെരഞ്ഞെടുപ്പിലെ സഖ്യത്തെ ചൊല്ലി ആപ് - കോൺഗ്രസ് ഭിന്നത രൂക്ഷമായി. ഡൽഹിയിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഖാർഗെയുടെ അധ്യക്ഷതയിൽ കൈകൊണ്ട തീരുമാനത്തെ കോൺഗ്രസ് നേതാവ് അൽക ലംബ ഡൽഹിയിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് മൽസരിക്കുമെന്നാക്കി മാറ്റിയതാണ് വിവാദമായത്. അൽകയുടെ പ്രസ്താവനക്ക് പിന്നാലെ അങ്ങിനെ ചെയ്താൽ ‘ഇൻഡ്യ’ സഖ്യം വിടുമെന്ന് ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകി. എന്നാൽ അൽകയെ തള്ളിപപറഞ്ഞ കോൺഗ്രസ് പ്രകോപനമുണ്ടാക്കുന്നവരുടെ കെണികളിൽ വീണുപോകരുതെന്ന് ആപിനെ ഓർമിപ്പിച്ചു.
ഡൽഹിയിൽ സഖ്യമില്ലെങ്കിൽ പിന്നെ ആപ് ‘ഇൻഡ്യ’ സഖ്യത്തിൽ നിൽക്കുന്നതിൽ അർഥമില്ലെന്നും സഖ്യം വിടുമെന്നും ആപ് വക്താവ് പ്രിയങ്ക കക്കർ അൽകക്ക് പ്രതികരണവുമായി എത്തി. അതിന് പിന്നാലെ അൽക ലംബയെ തള്ളിപ്പറഞ്ഞ് ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബബരിയ രംഗത്തുവന്നു. അൽക ലംബ ഡൽഹി സംസ്ഥാന ഘടകത്തിന്റെ വക്താവ് ആണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് പോലെ ഗൗരവമായ വിഷയം പറയാൻ അവരെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദീപക് ബബരിയ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ ചർച്ച ചെയ്ത ശേഷമാണ് ഇരു പാർട്ടികളും പരസ്യമായ പോരിനിറങ്ങിയത്. ഡൽഹിയിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് ദുർബലമായതിനാൽ അതിനെ ശക്തിപ്പെടുത്താനായിരുന്നു ഡൽഹി നേതാക്കൾ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈകൊണ്ട തീരുമാനം. ആപ് സഖ്യത്തെ കുറിച്ചോ തെരഞ്ഞെടുപ്പിൽ എത്ര സീറ്റുകളിൽ മൽസരിക്കുമെന്നോ യോഗം ചർച്ച ചെയ്തിരുന്നില്ലെന്ന് ബബരിയ പറഞ്ഞു. ഇൻഡ്യ സഖ്യവുമായി ബന്ധപ്പെട്ട തീരുമാനം പാർട്ടി അധ്യക്ഷൻ ഖാർഗെയാണ് കൈകൊള്ളുക. പ്രകോപനമുണ്ടാക്കാനുള്ള ശ്രമമുണ്ടാകുമെന്ന് ആം ആദ്മി പാർട്ടി മനസിലാക്കണമെന്നും അത്തരം കെണികളിൽ വീഴരുതെന്നും ബബരിയ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.