ബി.ജെ.പിയുടെ ബുൾഡോസറിനെ നേരിടാൻ ആപ്
text_fieldsന്യൂഡൽഹി: ജഹാംഗീർപുരി സംഘർഷത്തിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഡൽഹിയിലെ മുൻസിപ്പൽ കോർപറേഷനുകൾ തുടക്കമിട്ട ബുൾഡോസർ രാഷ്ട്രീയത്തിന് തടയിടാൻ ആം ആദ്മി പാർട്ടി എം.എൽ.എമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തിങ്കളാഴ്ച രാവിലെ സിവിൽ ലൈൻസിലെ മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു യോഗം.
ബി.ജെ.പിയുടെ ബുൾഡോസർ ഓട്ടം തുടർന്നാൽ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നാശത്തിന് കാരണമാകുമെന്നും 67 ലക്ഷം പേരെയാണ് അത് വഴിയാധാരമാക്കുകയെന്നും കെജ്രിവാൾ പറഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങളെത്തി കടകളും വീടുകളും അടിച്ചുതകർക്കുകയാണെന്നും അനധികൃത നിർമാണമല്ലെന്ന് തെളിയിക്കുന്ന രേഖകൾ കാണിച്ചാലും പരിശോധിക്കുന്നില്ലെന്നും എം.എൽ.എമാർ ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ ഇടിച്ചുനിരത്തൽ എതിർത്ത് ജയിലിൽ പോകാൻ എം.എൽ.എമാർ തയാറാകണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. കൃത്യമായ പദ്ധതിയിലൂടെ ഉണ്ടാക്കിയതല്ല ഡൽഹി. 80 ശതമാനത്തിലധികം പ്രവർത്തിയെയും അനധികൃതം, ൈകയേറ്റം എന്നെല്ലാം വേണമെങ്കിൽ വിളിക്കാനാകും. അതിനർഥം 80 ശതമാനവും നിങ്ങൾ നശിപ്പിക്കുമെന്നാണോ എന്ന് കെജ്രിവാൾ യോഗത്തിന് പിന്നാലെ നടത്തിയ വാർത്തസമ്മേളനത്തിൽ ചോദിച്ചു. മുണ്ട്കയിലെ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ശനിയാഴ്ച നടക്കാനിരുന്ന യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു. പൗരത്വ സമരത്തിന് ആവേശം പകർന്ന ശഹീൻബാഗിൽ കഴിഞ്ഞയാഴ്ച മണ്ണുമാന്തിയുമായി അധികൃതർ എത്തിയെങ്കിലും പ്രാദേശിക കോൺഗ്രസ് നേതാക്കളും ആപ് എം.എൽ.എ അമാനത്തുല്ല ഖാനും ഇടപെട്ട് തടഞ്ഞിരുന്നു.
ശഹീൻബാഗിന് സമീപ പ്രദേശമായ മദൻപുർ ഖാദർ, മംഗോൾപുരി, ന്യൂഫ്രണ്ട്സ് കോളനി, ഖ്യാല, കരോൾബാഗ്, ലോധി കോളനി എന്നിവിടങ്ങളിലാണ് നിലവിൽ ഒഴിപ്പിക്കൽ നടക്കുന്നത്. ജഹാംഗീർപുരിയിലെ ഇടിച്ചുനിരത്തൽ സുപ്രീകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.