കോടതിയലക്ഷ്യ കേസുകളിൽ അപ്പീൽ അനുവദിക്കണം; പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ ഒരു രൂപ പിഴ വിധിക്കപ്പെട്ട മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമാന കേസുകളിൽ അപ്പീലിന് അവകാശം തേടി സുപ്രീംകോടതിയിൽ.
കോടതിയലക്ഷ്യ കേസ് വിധിക്കെതിരെ അപ്പീൽ അനുവദിക്കാനും മറ്റു ജഡ്ജിമാരടങ്ങിയ വലിയ ബെഞ്ചിെൻറ പരിഗണനക്ക് വിടാനും ആവശ്യപ്പെട്ടാണ് പരമോന്നത കോടതിയെ സമീപിച്ചത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മുതിർന്ന ചില ജഡ്ജിമാർക്കെതിരെ സമൂഹ മാധ്യമത്തിലും തെഹൽക്ക മാഗസിന് നൽകിയ അഭിമുഖത്തിലും നടത്തിയ പരാമർശങ്ങളുടെ പേരിൽ ആഗസ്റ്റ് 31നാണ് പ്രശാന്ത് ഭൂഷണ് കോടതി ഒരു രൂപ പിഴയിട്ടത്. പിഴയടച്ചില്ലെങ്കിൽ മൂന്നൂ മാസം തടവും മൂന്നു വർഷം അഭിഭാഷകവൃത്തിക്ക് വിലക്കും പ്രഖ്യാപിച്ചു.
ഇതിനു പിന്നാലെയാണ് അഭിഭാഷകൻ കാമിനി ജയ്സ്വാൾ മുഖേന പുതിയ ഹരജി. കോടതിയലക്ഷ്യ കേസിൽ ശിക്ഷ വിധിക്കപ്പെട്ടയാൾക്ക് അപ്പീലിന് അവകാശമുണ്ടെന്ന് ഹരജിയിൽ പറയുന്നു. ആരോപണം കോടതിക്കെതിരെയാവുേമ്പാൾ പകവീട്ടാൻ സാധ്യതയേറെയാണ്.
പക്ഷപാതത്തിനും സാധ്യതയുണ്ട്. അപ്പീൽ അവകാശം പ്രതികാര നടപടികൾ ലഘൂകരിക്കും. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണ് അപ്പീൽ അവകാശമെന്നും രാജ്യാന്തര നിയമങ്ങളും ഇത് അനുവദിക്കുന്നുണ്ടെന്നും ഹരജി അടിവരയിടുന്നു.
നീതിന്യായ മന്ത്രാലയം, സുപ്രീംകോടതി രജിസ്ട്രാർ എന്നിവരെയും കക്ഷി ചേർത്തിട്ടുണ്ട്. ഭാവിയിൽ കോടതിയലക്ഷ്യ കേസുകളിൽ അപ്പീൽ അനുവദിച്ച് ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെടുന്നു.
നിലവിലെ ചട്ടപ്രകാരം, കോടതിയലക്ഷ്യ കേസുകളിൽ ശിക്ഷ വിധിക്കപ്പെട്ടയാൾക്ക് പുനഃപരിശോധന ഹരജി നൽകാമെങ്കിലും പ്രതിയെ വീണ്ടും കേൾക്കാതെ ബെഞ്ച് തന്നെയാകും ഇതും പരിഗണിക്കുക. ഈ രീതി തിരുത്തണമെന്നാണ് ആവശ്യം. ഭരണഘടനയിലെ 14, 19, 21 വകുപ്പുകൾ പ്രകാരമാണ് തെൻറ ഹരജിയെന്നും പക്ഷപാതവും പ്രതികാരവും ഇല്ലാതാക്കുന്ന നടപടിക്രമങ്ങൾ അതിപ്രധാനമാണെന്നും പ്രശാന്ത് ഭൂഷൺ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.