‘ഭരണകൂടം സ്പോൺസർ ചെയ്യുന്നവർ താങ്കളുടെ ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നു’ -ആപ്പിൾ അയച്ച ജാഗ്രത സന്ദേശത്തിന്റെ പൂർണരൂപം വായിക്കാം
text_fieldsന്യൂഡൽഹി: ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ഭരണകൂടം ലക്ഷ്യമിടുന്നുെവന്ന് കാണിച്ച് നിർമാതാക്കളായ ആപ്പിൾ കമ്പനിയിൽനിന്ന് പ്രതിപക്ഷ നേതാക്കൾക്ക് ലഭിച്ച ജാഗ്രത സന്ദേശം: ‘‘ഭരണകൂടം സ്പോൺസർ ചെയ്യുന്നവർ വിദൂരത്തിരുന്ന് താങ്കളുടെ ആപ്പിൾ ഐ.ഡിയുള്ള ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി ആപ്പിൾ കരുതുന്നു. ആരാണ് നിങ്ങൾ എന്നതു കൊണ്ടും എന്താണ് നിങ്ങൾ ചെയ്യുന്നത് എന്നതു കൊണ്ടും, അവർ വ്യക്തിപരമായി താങ്കളെ ലക്ഷ്യം വെച്ചേക്കാം.
ഐ-ഫോണിലെ പ്രധാനപ്പെട്ട ഡേറ്റ, സന്ദേശങ്ങൾ, കാമറ, മൈക്രോഫോൺ എന്നിവ വിദൂരത്തിരുന്ന് ചോർത്താൻ അവർക്ക് കഴിഞ്ഞേക്കാം. ഇതൊരു തെറ്റായ ജാഗ്രത സന്ദേശമായിക്കൂടെന്നില്ല. എങ്കിലും മുന്നറിയിപ്പ് ഗൗരവമായി എടുക്കണം. ആപ്പിളിൽനിന്ന് അപകട സൂചന മുമ്പ് ലഭിച്ചിട്ടുണ്ടെങ്കിൽ, പുതുതായോ തുടർച്ചയായോ ശ്രമം നടന്നിട്ടുണ്ട് എന്ന് അറിയിക്കാനാണ് ഇപ്പോഴത്തെ നോട്ടീസ്. ’’
സോഫ്ട്വെയറിന്‍റെ പുതിയ വേർഷൻ കിട്ടാൻ പാകത്തിൽ ഐ-ഫോൺ അപ്ഡേറ്റ് ചെയ്യുന്നതടക്കം വിവിധ നടപടികൾ സ്വീകരിക്കാനും ഐ-ഫോൺ ഉപയോക്താക്കളോട് ജാഗ്രത സന്ദേശത്തിൽ ആപ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ശശി തരൂർ, മഹുവ മൊയ്ത്ര, രാഘവ് ഛദ്ദ, പ്രിയങ്ക ചതുർവേദി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾക്കാണ് ആപ്പിളിന്‍റെ ജാഗ്രത സന്ദേശം ലഭിച്ചത്. അവർ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, ആരോപണം സർക്കാർ നിഷേധിച്ചു.
ഇസ്രായേൽ നിർമിത ചാരവൃത്തി സോഫ്ട്വെയറായ പെഗസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ, ഭരണകൂട നിരീക്ഷണം തുടങ്ങിയ വിവാദങ്ങൾക്ക് പിന്നാലെയാണ് ആപ്പിളിന്‍റെ ജാഗ്രത നിർദേശം. മൗലികാവകാശ ലംഘനമാണ് സർക്കാർ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി എം.പിമാരും മറ്റു നേതാക്കളും ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.
സർക്കാറിന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുന്ന തങ്ങൾക്ക് ഫോൺ കമ്പനിയിൽനിന്ന് ലഭിച്ച സന്ദേശം അങ്ങേയറ്റം അസ്വസ്ഥ ജനകമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് അന്വേഷണം നടത്താനുള്ള തീരുമാനം ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.
എല്ലാ പൗരന്മാരുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനുള്ള ചുമതല സർക്കാർ ഏറ്റെടുക്കുന്നതായി അശ്വനി വൈഷ്ണവ് പറഞ്ഞു. അന്വേഷണത്തിൽ പങ്കുചേരാൻ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക മികവുള്ള ഏജൻസിയായ സെർട്ട്-ഇൻ ആണ് അന്വേഷണം നടത്തുക. രാജ്യം പുരോഗതി നേടുന്നത് സഹിക്കാൻ കഴിയാതെ ശ്രദ്ധതിരിക്കൽ രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
150 രാജ്യങ്ങളിൽ ആപ്പിൾ ഇത്തരമൊരു ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആപ്പിൾ ഐ.ഡികൾ ഐ-ഫോണിൽ സുരക്ഷിതമായി എൻക്രിപ്ട് ചെയ്തിട്ടുണ്ടെന്നും, ഉപയോക്താക്കളുടെ അനുമതി കൂടാതെ അത് കിട്ടില്ലെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. അപൂർണ വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം മുന്നറിയിപ്പ് വന്നിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഐ-ഫോൺ സുരക്ഷിതമാണോ എന്ന് കമ്പനി വ്യക്തമാക്കണമെന്ന് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
വിശദാംശം മറച്ചുവെച്ച് കമ്പനി
ചോർത്തുന്ന ഭരണകൂടം ഏതെന്നോ, ഉപയോക്താക്കൾക്ക് സന്ദേശം അയച്ച സാഹചര്യം എന്തെന്നോ പറയാനാവില്ലെന്ന് ഐ-ഫോൺ നിർമാതാക്കളായ ആപ്പിൾ. ഭരണകൂടത്തിനുവേണ്ടി ഡേറ്റ ചോർത്തുന്നവർക്ക് വലിയ തോതിൽ പണവും നൂതന സംവിധാനങ്ങളുമാണ് ലഭിക്കുന്നത്. അവരുടെ രീതികൾ മാറിക്കൊണ്ടിരിക്കും. അപകടസാധ്യത സംബന്ധിച്ച ഇന്‍റലിജൻസ് സിഗ്നലുകൾ അടിസ്ഥാനപ്പെടുത്തിയാണ് അത്തരം ആക്രമണങ്ങൾ കണ്ടെത്തുന്നത്. അത് പലപ്പോഴും അപൂർണമാകാം. ആപ്പിളിന്‍റെ ചില സന്ദേശങ്ങൾ തെറ്റായ മുന്നറിയിപ്പുകളാണെന്നും വരാം. ചില ഡേറ്റ ചോർത്തലുകൾ കണ്ടെത്തുന്നില്ലെന്നും വരാം. എന്തുകൊണ്ടാണ് ഈ സന്ദേശം എം.പിമാർക്ക് കിട്ടിയതെന്ന് വിശദീകരിക്കാനും ആപ്പിൾ വിസമ്മതിച്ചു. അത്തരം വിവരങ്ങൾ നൽകാൻ കഴിയില്ല. ഭാവിയിൽ ചാരപ്പണി കണ്ടെത്താതിരിക്കാനുള്ള ഉപായം രൂപപ്പെടുത്താൻ അത് ഭരണകൂടങ്ങളെ സഹായിച്ചെന്നു വരാമെന്നും കമ്പനി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.