മഹുവയുടെ ഫോണും ഇ-മെയിലും ചോർത്താൻ ശ്രമം നടക്കുന്നുവെന്ന് ആപ്പിളിന്‍റെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: തന്‍റെ ഫോണും ഇ-മെയിലും ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ആപ്പിളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി തൃണമൂൽ എം.പി മഹുവ മൊയ്ത്ര. ആപ്പിൾ കമ്പനിയിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇ-മെയിലും മഹുവ എക്സിൽ പങ്കുവെച്ചു.
സർക്കാർ പിന്തുണയോടെയുള്ള ഹാക്കർമാർ നിങ്ങളുടെ ഐഫോൺ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിൾ മഹുവക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. ഹാക്കിങ്ങിനിരയായാൽ ഫോണിലെ നിർണായക വിവരങ്ങൾ കവരാനും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാക്കർമാർക്ക് സാധിക്കും. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പിൽ മഹുവക്ക് ഇയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടുള്ള മഹുവയുടെ എക്സ് പോസ്റ്റിൽ, പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്പോൾ സഹതാപമാണ് തോന്നുന്നതെന്ന് മഹുവ പരിഹസിക്കുന്നുണ്ട്. ഇൻഡ്യ സഖ്യത്തിൽ തന്നെ കൂടാതെ പ്രിയങ്ക ഗാന്ധിക്കും മറ്റ് മൂന്നുപേർക്കും സമാനരീതിയിൽ ഹാക്കിങ് മുന്നറിയിപ്പ് ലഭിച്ചതായും മഹുവ പറഞ്ഞു.
പാർലമെന്‍റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന് മഹുവക്കെതിരെ ബി.ജെ.പിയും കേന്ദ്ര സർക്കാറും ആരോപണമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഫോൺ ഹാക്കിങ് മുന്നറിയിപ്പ്. അദാനിക്കെതിരെ പാർലമെന്‍റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് വൻ തുക മഹുവ കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. എന്നാൽ ഇക്കാര്യ മഹുവ നിഷേധിച്ചിരുന്നു.
ആരോപണത്തിൽ വിശദീകരണം കേൾക്കുന്നതിനായി നവംബർ രണ്ടിന് പാർലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ മഹുവക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.