അപേക്ഷ വൈകി; കർണാടകയിൽ ഒന്നരലക്ഷം വോട്ടർമാർ പുറത്ത്
text_fieldsബംഗളൂരു: വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള അപേക്ഷ വൈകി സമർപ്പിച്ചതിനാൽ സംസ്ഥാനത്തെ ഒന്നരലക്ഷം വോട്ടർമാർക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല.
രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ വോട്ടർമാർക്ക് മാർച്ച് 24ന് അർധരാത്രിയും മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ ഏപ്രിൽ ഒമ്പതിന് അർധരാത്രിയുമാണ് ഫോറം 6 സമർപ്പിക്കാനുള്ള സമയപരിധിയായി തെരഞ്ഞെടുപ്പ് കമീഷൻ നിശ്ചയിച്ചിരുന്നത്.
കർണാടകയിൽ ഏപ്രിൽ 26, മേയ് 7 എന്നീ ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽനിന്ന് 1.3 ലക്ഷം അപേക്ഷകളും രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽനിന്ന് 18000 അപേക്ഷകളുമാണ് സമയപരിധി അവസാനിച്ചതിനുശേഷം തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ വന്നത്. 20 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ബോധവത്കരണ പരസ്യങ്ങൾക്കും കാമ്പയിനുകൾക്കുമായി തെരഞ്ഞെടുപ്പ് കമീഷൻ ചെലവഴിച്ചതെന്നും എന്നിട്ടും സ്വന്തം പേര് വോട്ടർ പട്ടികയിൽ ചേർക്കുന്നതിനോട് വോട്ടർമാർ വിമുഖത കാണിച്ചെന്നും കർണാടക അഡീഷണൽ തെരഞ്ഞെടുപ്പ് ഓഫിസർ വെങ്കടേഷ് കുമാർ പറഞ്ഞു.
ബംഗളൂരുവിലെ ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റും പേരിൽ സർക്കാറിനെ കുറ്റപ്പെടുത്തുകയും അതേസമയം വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനെ ഗൗരവമായി കാണുന്നില്ലെന്നും മറ്റൊരു തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. വൈകി പേര് ചേർക്കാൻ അപേക്ഷിച്ചവർക്കിനി വോട്ട് ചെയ്യാൻ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം.
എന്താണ് ഫോറം 6?
വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനുള്ള അപേക്ഷയാണ് ഫോറം 6. 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും ഫോറം 6 വഴി വോട്ടർ ഐഡിക്കായി അപേക്ഷിക്കാവുന്നതാണ്. ഒരു സ്ഥലത്തുനിന്ന് താമസം മാറുകയാണെങ്കിലോ പേരോ ലിംഗമോ വോട്ടർ ഐഡിയിൽ മാറ്റം വരുത്തണമെങ്കിൽ ഫോറം 6 വഴിയാണ് അപേക്ഷിക്കേണ്ടത്.
ഇത് ഓൺലൈനായോ അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽനിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതിനുശേഷം തങ്ങളുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർ മുഖേനയോ അപേക്ഷിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.