പ്രതിപക്ഷ പ്രതിനിധിയെ ഇരുട്ടിൽനിർത്തി വിവരാവകാശ കമീഷണർ നിയമനം;രാഷ്ട്രപതിക്ക് അധിർ രഞ്ജൻ ചൗധരി കത്തയച്ചു
text_fieldsന്യൂഡൽഹി: മുഖ്യ വിവരാവകാശ കമീഷണർ നിയമനത്തിൽ സെലക്ഷൻ കമ്മിറ്റി അംഗമായ തന്നെ കാര്യങ്ങൾ അറിയിക്കാതെ ഇരുട്ടിൽ നിർത്തിയെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ പ്രതിഷേധം അറിയിച്ചു.
നിയമന പ്രക്രിയയിൽ എല്ലാ ജനാധിപത്യ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും കാറ്റിൽ പറത്തിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനയച്ച കത്തിൽ അധിർ രഞ്ജൻ ചൗധരി പറഞ്ഞു. പ്രതിപക്ഷശബ്ദം അവഗണിക്കുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥർ ഹീരാലാൽ സമരിയ തിങ്കളാഴ്ചയാണ് രാഷ്ട്രപതി മുമ്പാകെ മുഖ്യ വിവരാവകാശ കമീഷണറായി സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി യോഗത്തിന്‍റെ സമയം മാറ്റണമെന്ന അഭ്യർഥന അംഗീകരിച്ചില്ല. അക്കാര്യമോ, എടുത്ത തീരുമാനമോ തന്നെ അറിയിച്ചതുമില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മാത്രമാണ് സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തത്. പ്രതിപക്ഷത്തിന്‍റെ മുഖമായി കമ്മിറ്റിയിൽ ഉണ്ടാകേണ്ട തന്‍റെ അസാന്നിധ്യത്തിൽ തന്നെ പേര് തീരുമാനിച്ച് സത്യപ്രതിജ്ഞ നടത്തി. മുൻകൂട്ടി നിശ്ചയിച്ച നടപടിക്രമമാണ് മുന്നോട്ടുപോയതെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.