വി.സി നിയമനം: തമിഴ്നാട്ടിൽ ഗവർണറുടെ അധികാരം എടുത്തുമാറ്റാൻ ഉദ്ദേശിക്കുന്നതായി സ്റ്റാലിൻ
text_fieldsചെന്നൈ: സർവകലാശാല വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് എടുത്തുമാറ്റാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തമിഴ്നാട് നിയമസഭയെ അറിയിച്ചു. മാർച്ചിലെ നിയമസഭ ബജറ്റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ എല്ലാ സംസ്ഥാന സർവകലാശാലകളുടെയും ചാൻസലർ കൂടിയായ ഗവർണർക്കാണ് നിയമനാധികാരം. കേരളം, പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വി.സിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂണ്ടിക്കാട്ടിയ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി, വി.സിമാരുടെ നിയമനത്തിൽ സംസ്ഥാന സർക്കാറുകൾ നീതിപൂർവകമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽ 1949 മുതൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ മുഖ്യമന്ത്രിമാർക്കാണ് അവകാശം. ഇക്കാര്യം പ്രധാനമന്ത്രിക്കും ബോധ്യമുള്ളതാണ്. നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി സർക്കാർ നിയമവിദഗ്ധരുമായി കൂടിയാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാർ നീക്കം പൂർണമായും തെറ്റാണെന്നും നിയമനങ്ങളിൽ ക്രമക്കേടുകളും അഴിമതിയും നടക്കാൻ സാധ്യതയുണ്ടെന്നും അണ്ണാ യൂനിവേഴ്സിറ്റി മുൻ വി.സി ഇ. ബാലഗുരുസാമി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാറിൽ അധികാരം നിക്ഷിപ്തമാണെങ്കിൽ കാലതാമസമില്ലാതെ വി.സിമാരെ നിയമിക്കാനാവുമെന്ന് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. തിരുനാവുക്കരശു അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.