ആശ്രിതനിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജോലിയിലിരിക്കുന്നയാൾ മരിച്ചതിനെ തുടർന്ന് അനന്തരാവകാശികൾക്ക് പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധിയെ അതിജീവിക്കാനായി നൽകേണ്ടതാണ് ആശ്രിതനിയമനമെന്നും അത് അവകാശമല്ലെന്നും സുപ്രീംകോടതി. ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (ഫാക്ട്) ആശ്രിതനിയമനം പരിഗണിച്ച് യുവതിയെ നിയമിക്കണമെന്ന കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ഫാക്ട് ജീവനക്കാരനായിരുന്ന യുവതിയുടെ പിതാവ് 1995 ഏപ്രിലിൽ ജോലിയിലിരിക്കെയാണ് മരിച്ചത്. മരണസമയത്ത്, അദ്ദേഹത്തിന്റെ ഭാര്യ ആരോഗ്യവകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നതിനാൽ ആശ്രിതനിയമനത്തിന് അർഹതയുണ്ടായിരുന്നില്ല.
കുടുംബനാഥന്റെ വരുമാനം മാത്രമല്ല, കുടുംബത്തിനുണ്ടായിരുന്നത്. അത്തരം പ്രതിസന്ധി യുവതിക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല. 24 വർഷത്തിനുശേഷം ആശ്രിതനിയമനം അവകാശപ്പെടാൻ യുവതിക്ക് അർഹതയില്ലെന്നും കോടതി നിരീക്ഷിച്ചു.
യുവതിക്ക് ജോലി നൽകാൻ ഹൈകോടതി സിംഗിൾ ബഞ്ച് വിധിച്ചതിനെതിരെ കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. ഡിവിഷൻ ബെഞ്ചും വിധി ശരിവെച്ചതോടെയാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.