സ്ഥിരം നിയമനമില്ല; ബാങ്കുകളിൽ ‘അപ്രന്റിസ് മേള’
text_fieldsതൃശൂർ: രാജ്യത്തെ പൊതുമേഖല ബാങ്കുകളിലെ സ്ഥിരം നിയമനത്തിന് അപ്രഖ്യാപിത വിലക്ക്. നാമമാത്രമായി സ്ഥിരം നിയമനവും വൻതോതിൽ അപ്രന്റിസുകളെ നിയോഗിച്ച് ‘ഓട്ടയടക്കലു’മാണ് നടക്കുന്നത്. ഒരു വർഷം മാത്രം പരിശീലനകാലയളവുള്ള അപ്രന്റിസുകളെക്കാണ്ട് എല്ലാ ജോലിയും ചെയ്യിക്കുന്നത് കൂടാതെ രാജ്യത്ത് തൊഴിൽ ലഭിച്ചവരുടെ വിവരങ്ങളടങ്ങുന്ന കേന്ദ്ര സർക്കാറിന്റെ ‘നൗക്രീ’ പോർട്ടലിൽ ഇവരെ ഉൾപ്പെടുത്തി കണക്ക് പെരുപ്പിക്കുകയും ചെയ്യുന്നുണ്ട്.
‘പൊതുമേഖല ബാങ്കുകളിൽ തൊഴിലവസരം’ എന്ന പേരിൽ കുറച്ചു കാലമായി പ്രത്യക്ഷപ്പെടുന്ന അറിയിപ്പുകളുടെ മറുപുറമാണിത്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ അപ്രന്റിസ് നിയമനം വ്യവസ്ഥചെയ്യുകയും ഇതിനായി 500ലേറെ പൊതുമേഖല സ്ഥാപനങ്ങളെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബാങ്കുകളിലെ നിയമനം. പല ബാങ്ക് ബോർഡുകളും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അവഗണിക്കുകയായിരുന്നു.
അപ്രന്റിസ്, ചൂഷണത്തിന്റെ അപരനാമം
യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ 500 അപ്രന്റിസുകളെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ച് ആഗസ്റ്റ് 27ന് വിജ്ഞാപനമിറക്കി. അപേക്ഷഫീസ് 800 രൂപ. ഇത് ജോലിയല്ലെന്നും ഒരു വർഷത്തേക്കുള്ള പരിശീലനം മാത്രമാണെന്നും പ്രതിമാസം നൽകുന്ന 15,000 രൂപ ശമ്പളമല്ല, സ്റ്റൈപൻഡ് ആണെന്നും വ്യക്തമാക്കുന്നുണ്ട്. കാലാവധി കഴിഞ്ഞാൽ മറ്റു ജോലികൾക്ക് അപേക്ഷിക്കാൻ ഇതിന്റെ പേരിൽ ഇളവോ ആനുകൂല്യമോ ഇല്ലെന്നും പറയുന്നുണ്ട്.
ആഴ്ചകൾക്കുമുമ്പ് പഞ്ചാബ് നാഷനൽ ബാങ്ക് വിജ്ഞാപനം ചെയ്തത് 15,000 പേരെ എടുക്കാനാണ്. സെൻട്രൽ ബാങ്ക് 5000 പേരെയും എസ്.ബി.ഐ 8000 പേരെയുമാണ് എടുക്കുന്നത്. ഏറ്റവുമൊടുവിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് 550 അപ്രന്റിസുകളെ തിരഞ്ഞെടുക്കാൻ വിജ്ഞാപനമിറക്കിയിട്ടുണ്ട്.
ഒരു വർഷത്തെ പരിശീലനം എന്ന പേരിലുള്ള പണി കഴിഞ്ഞ് ഇവർ ഇറങ്ങുമ്പോൾ പുതിയ അപ്രന്റിസുകളെ നിയമിക്കും. കാലാവധി ഒരു വർഷമാണെങ്കിലും മൂന്നു മാസം കൂടുമ്പോൾ കരാർ പുതുക്കണം. അതായത്, ആദ്യ മൂന്നു മാസം കഴിയുന്നതിനിടക്ക് മതിയാക്കി പോവുകയോ മറ്റു ജോലി കിട്ടി ഇറങ്ങുകയോ ചെയ്താൽ അതുവരെ വാങ്ങിയ വേതനം തിരിച്ചടക്കണം!
അപ്രന്റിസുകളെ പിഴിഞ്ഞും വരുമാനം
ബിരുദമാണ് അപ്രന്റിസുകൾക്ക് പറയുന്ന യോഗ്യത. 2023ൽ കേന്ദ്രസർക്കാർ ബിരുദംതന്നെ യോഗ്യതയായ എസ്.എസ്.സി-സി.ജി.എൽ (സ്റ്റാഫ് സെലക്ഷൻ കമീഷൻ-കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷൻ) പരീക്ഷ നടത്തിയത് 7500 സ്ഥിരം നിയമനത്തിനാണ്. 34 ലക്ഷം പേർ അപേക്ഷിച്ച ഈ പരീക്ഷയുടെ അപേക്ഷഫീസ് 100 രൂപ മാത്രമായിരുന്നു. യൂനിയൻ ബാങ്ക് അപ്രന്റിസ് പരീക്ഷക്ക് നിശ്ചയിച്ച അപേക്ഷ ഫീസ് 800 രൂപയാണ്. ബിരുദം യോഗ്യതയുള്ള ലക്ഷക്കണക്കിന് പേർ അപേക്ഷകരുണ്ടാവും. ഈയിനത്തിൽതന്നെ ബാങ്കിന് കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കും. തിരഞ്ഞെടുത്ത അപ്രന്റിസുകൾക്ക് പ്രതിമാസ സ്റ്റൈപൻഡ് കൊടുത്താലും വരുമാനത്തിൽ പകുതിയിലേറെ നീക്കിയിരിപ്പുണ്ടാകും. എല്ലാ ബാങ്കുകൾക്കും ഈ രീതിയിൽ വരുമാനമുണ്ട്. ഇതുകൂടാതെ, അപ്രന്റിസ് നിയമനത്തിനുള്ള തുക കേന്ദ്രസർക്കാറാണ് അനുവദിക്കുന്നതെന്ന സംശയവും ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഉന്നയിക്കുന്നു.
അപ്രന്റിസുകൾ 30,000
ഏഴു പൊതുമേഖല ബാങ്കുകളിലായി സമീപകാലത്ത് നിയമിക്കപ്പെട്ടതും നിയമനഘട്ടത്തിലുള്ളതുമായി 30,000ത്തോളം അപ്രന്റിസുകൾ. എസ്.ബി.ഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്, യൂനിയൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് ഇതുവരെ അപ്രന്റിസുകളെ നിയമിക്കുകയോ നിയമനത്തിനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുള്ളത്. മറ്റ് അഞ്ചു പൊതുമേഖല ബാങ്കുകളും ഈ വഴിക്കാണ്.
പരിശീലനമല്ല, ജോലിതന്നെ
അപ്രന്റിസ് എന്നാണ് പറയുന്നതെങ്കിലും പൊതുമേഖല ബാങ്കുകളിൽ ജീവനക്കാരുടെ രൂക്ഷമായ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇവരെക്കൊണ്ട് എല്ലാ ജോലിയും ചെയ്യിക്കുന്നുണ്ട്. സർക്കാർ പദ്ധതികൾ, യോജനകൾ എന്നിവയുമായി ബന്ധപ്പെട്ട എൻറോൾമെന്റാണ് ഏൽപിക്കുന്നതെന്ന് പറയുമെങ്കിലും വായ്പ അപേക്ഷ, ഡേറ്റ എൻട്രി തുടങ്ങിയ നിർണായക ജോലികളും ഏൽപിക്കുന്നു. ഒരു വർഷം മാത്രം തുടരുന്ന പരിശീലനാർഥികളെ ഇത്തരം ജോലികൾ ഏൽപിക്കുന്നതിലെ സുരക്ഷിതത്വ പ്രശ്നവും ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.