വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ഹിമാചലിൽ എട്ട് ഹെലിപോർട്ടുകൾ സ്ഥാപിക്കുന്നതിന് അനുമതി
text_fieldsഹമീർപൂർ: ഹിമാചലിൽ വിവിധ ജില്ലകളിലായി ഈ വർഷം എട്ട് ഹെലിപോർട്ടുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകി. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹെലിപോർട്ടുകൾ നിർമ്മിക്കുന്നതിന് ആറ് ജില്ലകളിലായി ഡെപ്യൂട്ടി കമ്മീഷണർമാർ സ്ഥലം തിരഞ്ഞെടുത്തുവെന്നും മാർച്ച് ഒന്ന് മുതൽ ഹെലിപോർട്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു. ഫണ്ട് ലഭിക്കുന്നതിനായി വിശദ പദ്ധതി രേഖ (ഡി.പി.ആർ) കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി ഹെലിപോർട്ട് നിർമാണത്തിന് കേന്ദ്രം ബജറ്റ് വിനിയോഗിക്കും. നിലവിൽ സംസ്ഥാനത്തെ അഞ്ച് ഹെലിപോർട്ടുകളിൽ മൂന്നെണ്ണം വാണിജ്യാടിസ്ഥാനത്തിലാണ് ഉപയോഗിക്കുന്നത്. ഓരോ ജില്ലയിലും ഹെലിപോർട്ട് നിർമിക്കാൻ പദ്ധതിയുണ്ടെങ്കിലും ആദിവാസി മേഖലകളിൽ ടൂറിസത്തിന്റെ ഉയർന്ന സാധ്യത കണക്കിലെടുത്ത് ആ പ്രദേശങ്ങളിൽ ഒന്നിലധികം ഹെലിപോർട്ടുകൾ നിർമിക്കും.
ആദ്യഘട്ടത്തിൽ ഹമീർപൂരിലെ സാസൻ, കംഗ്രയിലെ റാക്കർ, ചമ്പയിലെ സുൽത്താൻപൂർ, കുളുവിലെ പിർദി, ലഹൗൾ-സ്പിതിയിലെ ജിസ്പ, സിസ്സു, രൻഗ്രിക്, കിന്നൗറിലെ സർവോ എന്നിവിടങ്ങളിലാണ് ഹെലിപോർട്ടുകൾ നിർമിക്കുന്നത്. സിർമോറിലെ നഹാൻ, ധർ ക്യാരി, ഷിംലയിലെ ചൻഷാൽ ലരോട്ട്, ഉനയിലെ ജങ്കൗർ, സോളനിലെ ഗലനാല, ചമ്പയിലെ പാംഗി, ഹോളി എന്നിവിടങ്ങളിൽ രണ്ടാം ഘട്ടത്തിൽ ഹെലിപോർട്ടുകൾ നിർമിക്കാൻ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.