'ഏപ്രിൽ ഫൂൾ പാശ്ചാത്യ സംസ്കാരം, ഇന്ത്യക്കാർക്ക് ഇന്ന് അച്ഛേ ദിൻ'; പരിഹാസവുമായി തരൂർ
text_fieldsന്യൂഡൽഹി: ലോക വിഡ്ഢി ദിനമായ ഏപ്രിൽ ഒന്ന് സുഹൃത്തുക്കളെയും മറ്റും പറ്റിക്കാനുള്ള അവസരമായിട്ടാണ് ആളുകൾ ഉപയോഗപ്പെടുത്തുന്നത്. ഇതിനിടെ ലോക വിഡ്ഢി ദിനവുമായി ബന്ധപ്പെടുത്തി നരേന്ദ്ര മോദി സർക്കാറിനെ പരിഹസിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.
'ഏപ്രിൽ ഫൂൾ നമ്മുടെ സംസ്കാരത്തിൽ പെട്ടതല്ല. അത് പാശ്ചാത്യ ആശയമാണ്. ഇന്ത്യയിൽ അത് അച്ഛേ ദിൻ ആണ്' ഇങ്ങനെയായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്. നല്ല ദിവസങ്ങള്‍ എത്തി എന്ന് അര്‍ത്ഥം വരുന്ന 'അച്ഛേ ദിന്‍' മോദി സര്‍ക്കാരിന്റെ മുദ്രാവാക്യമാണ്. എന്നാൽ ഇന്ധന വില വർധനവ്, പാചകവാതക വിലവർധനവ് എന്നിവയുടെ ചുവട് പിടിച്ച് രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് തരൂരിന്റെ പരിഹാസം.
പുതിയ സാമ്പത്തിക വർഷത്തിൽ പൊതുജനത്തിന് തിരിച്ചടിയായി എൽ.പി.ജി, സി.എൻ.ജി നിരക്ക് വർധിപ്പിച്ചിരുന്നു. സി.എൻ.ജിയുടെ നിരക്ക് എട്ട് രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ സി.എൻ.ജിയുടെ നിരക്ക് 72 രൂപയിൽ നിന്ന് 80 രൂപയായി. മറ്റ് ജില്ലകളിൽ 83 രൂപ വരെയാണ് സി.എൻ.ജിയുടെ വില.
ഇതിനൊപ്പം പാചകവാതക വിലയും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 256 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ വാണിജ്യ എൽ.പി.ജി വില 2256 രൂപ ആയി. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന ബജറ്റിലെ മാറ്റങ്ങളും ഇന്ന് മുതൽ നിലവിൽ വരും. സംസ്ഥാന ബജറ്റിലെ തീരുമാനപ്രകാരം വെള്ളക്കരം അഞ്ച് ശതമാനം വർധിപ്പിച്ചു. വാഹനരജിസ്ട്രേഷൻ നിരക്ക് വർധനയും പ്രാബല്യത്തിലായി. വാഹന ഫിറ്റ്നസ് പുതുക്കൽ നിരക്കിൽ നാലരിട്ടി വരെ വർധനയും ഇന്ന് മുതൽ നിലവിൽ വരും. ഭൂമി രജിസ്ട്രേഷൻ നിരക്കിലും ഇന്ന് മുതൽ വർധനയുണ്ടാകും. ഡീസൽ വാഹനങ്ങൾക്കുള്ള ഹരിതനികുതിയും പ്രാബല്യത്തിലാവും.
പാരസെറ്റമോൾ ഉൾപ്പടെ അവശ്യമരുന്നുകളുടെ വില വർധനയും ഇന്ന് മുതൽ നിലവിൽ വരും. രാജ്യത്തെ ദേശീയപാതകളിൽ ടോൾ നിരക്ക് 10 ശതമാനം വരെ വർധിച്ചു. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ 10 രൂപ മുതൽ 65 വരെ വർധിക്കും. അതേസമയം, പാലിയേക്കരയിൽ ടോൾനിരക്കിൽ വർധനയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.