ഈ കർഷക ബില്ലുകൾ കർഷകർക്ക് വേണ്ടിയോ?
text_fieldsന്യൂഡൽഹി: സെപ്റ്റംബർ 10ന് ഹരിയാനയിലെ കുരുക്ഷേത്ര വലിയൊരു പ്രക്ഷോഭത്തിന് സാക്ഷിയായി. കേന്ദ്രസർക്കാർ 2020 ജൂൺ അഞ്ചിന് പ്രഖ്യാപിച്ച മൂന്ന് ഓർഡിനൻസുകൾക്കെതിരെയായിരുന്നു പ്രതിഷേധം. കർഷകർ ദേശീയ പാത ഉപരോധിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഭാരതീയ കിസാൻ യൂനിയൻെറ നേതൃത്വത്തിൽ കർഷക സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിവീശി. കർഷകരെ അടിച്ചോടിക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായിരുന്നു വ്യാപക പ്രതിഷേധം അരങ്ങേറിയത്. സെപ്റ്റംബർ 14ന് പ്രതിഷേധം സംസ്ഥാന അതിർത്തികളിലേക്ക് നീണ്ടു. തലസ്ഥാന നഗരമായ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധം അലയടിച്ചു. കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ച മൂന്നു ബില്ലുകളാണ് ഈ പ്രതിഷേധം ഉടലെടുക്കാനുള്ള പ്രധാനം കാരണം.
2020ൽ പുറത്തിറക്കിയ ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ, ദി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെൻറ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ എന്നിവ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് സഭയിൽ അവതരിപ്പിച്ചത്. അവശ്യവസ്തു ഭേദഗതി ബിൽ 2020, ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീൽ ദാൻവേയും അവതരിപ്പിച്ചു.
ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ
ഈ ഓർഡിനൻസ് പ്രകാരം കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഏത് വ്യാപാരിക്കും എപ്പോൾ വേണമെങ്കിലും വിൽക്കാം. അതിനായി കാർഷിക ഉൽപാദന വിപണന കമ്മിറ്റിയുടെ അനുവാദം ആവശ്യമായി വരില്ല. 'ഒരു രാജ്യം ഒറ്റ വിപണി' എന്ന ആശയം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.
ദി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെൻറ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ
ഈ ഓർഡിനൻസിലൂടെ കർഷകർക്ക് തങ്ങളുടെ വിളകളെ അടിസ്ഥാനമാക്കി പരസ്പര സമ്മതത്തോടെ വില നിശ്ചയിച്ച് വിൽപനക്ക് വഴിയൊരുക്കും. കർഷകർക്ക് സുതാര്യമായി വിൽപനക്ക് വഴിയൊരുക്കുമെന്നും കേന്ദ്രസർക്കാർ പറയുന്നു.
അവശ്യവസ്തു ഭേദഗതി ബിൽ, 2020
ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരു, ഭക്ഷ്യ എണ്ണകൾ, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ 2020 ലെ അവശ്യവസ്തു ഭേദഗതി നിയമ പ്രകാരം അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കും. 1955ന് മുമ്പ് വ്യാപാരികളും ബിസിനസുകാരും വൻതോതിൽ വിളകൾ വാങ്ങി സംഭരിച്ച് കരിഞ്ചന്തക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ, 1955ൽ അവശ്യ വസ്തു നിയമം കൊണ്ടുവന്നതോടെ ഇവ നിയന്ത്രിക്കാനായി. ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരു, ഭക്ഷ്യ എണ്ണകൾ, സവാള, ഉരുളക്കിഴങ്ങ് എന്നിവക്ക് ഈ നിയമം ബാധകമല്ലാതാകും.
ബില്ലിനെ എതിർക്കുന്നത് എന്തുകൊണ്ട്?
തങ്ങളുടെ വിളകൾക്ക് സർക്കാർ താങ്ങുവില നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം. അതുവഴി കമ്പനികളുടെയും ഇടനിലക്കാരുടെയും ചൂഷണം അവസാനിപ്പിച്ച് കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കും. മിനിമം താങ്ങുവില നൽകാതെ വിളകൾ ശേഖരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
'ഈ ബില്ലുകളിലൂടെ കർഷകരെ കമ്പനികൾ അപകടത്തിലാകും. തുറന്ന വിപണി, സംഭരണം, ഇറക്കുമതി- കയറ്റുമതി തുടങ്ങിയവ ഒരിക്കലും കർഷകരുടെ താൽപര്യങ്ങളല്ല. ലോകവ്യാപാര സംഘടനയുടെ നയങ്ങൾകൊണ്ടുതന്നെ കർഷകർ പൊറുതി മുട്ടുന്നു. 1943-44 കാലഘട്ടത്തിൽ ബംഗാളിലെ വരൾച്ചയിൽ 40 ലക്ഷത്തോളം പേർ പട്ടിണിയാൽ മരിച്ചുവീണു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പൂഴ്ത്തിവെപ്പായിരുന്നു ഇതിന് കാരണം. അതിനുള്ള സാധ്യത ഇനിയും വഴിതുറക്കും' -ഭാരതീയ കിസാൻ യൂനിയൻ പറയുന്നു.
പ്രധാനമായും രണ്ടു കാരണങ്ങളാണ് ഈ ബില്ലിനെ എതിർക്കാൻ കാരണം. ബിൽ നിയമമാകുന്നതോടെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാകും. ബില്ലിൽ നേരിട്ട് പരാമർശമില്ലെങ്കിലും കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നവ ഒഴിവാക്കുന്നതിലേക്കാവും ഇവ വഴിയൊരുക്കുക.
വിളകളുടെ സംരക്ഷണ അവകാശം ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഒഡിഷ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാന സർക്കാറുകൾക്ക് കൈമാറണമെന്ന് 2015ൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ സംഭവിച്ചാൽ വിളകളുടെ വാങ്ങൽ, സംഭരണം എന്നിവയിൽനിന്ന് കേന്ദ്രസർക്കാരിൻെറ കൈകഴുകലാകും.
ഇത് ഇന്ത്യക്ക് വേണ്ടിയല്ല
കാർഷിക മേഖലയിൽ നിരവധി രാജ്യങ്ങൾ ഓപൺ മാർക്കറ്റ് പോളിസി ആവിഷ്കരിക്കുന്നു. അമേരിക്ക, യൂറോപ്പ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇന്ത്യയെ പോലൊരു വികസ്വര രാജ്യം അമേരിക്കയെയും യൂറോപ്പിനെയും പിന്തുടരുന്നതിൽ അപകടം പിണയും. കാർഷികമേഖലയിൽ യു.എസിൻെറ ഓപൺ മാർക്കറ്റ് പോളിസി ദയനീയമായി പരാജയപ്പെട്ട ഒന്നായിരുന്നു. ആറോ ഏഴോ പതിറ്റാണ്ടായി യു.എസിൽ ഓപൺ മാർക്കറ്റാണ് പിന്തുടരുന്നത്. പാശ്ചാത്യ രാജ്യങ്ങളെല്ലാം തന്നെ കാർഷിക മേഖലയിൽ പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. കൃഷിക്കാരെ സഹായിക്കുന്നതാകട്ടെ, സർക്കാറിൽ നിന്നുള്ള സഹായമാണെന്നും കാർഷിക വിദഗ്ധൻ ദേവീന്ദർ ശർമ പറയുന്നു.
കണക്കുപ്രകാരം 86 ശതമാനം കർഷകർക്കും രണ്ടുഹെക്ടർ സ്ഥലമുണ്ട്. മറ്റെവിടെയെങ്കിലും പോയി അവരുടെ വിളകൾ വിൽക്കാൻ താൽപര്യമില്ലെങ്കിൽ പിന്നെ എന്തിനുവേണ്ടിയാണ് പുതിയ നയം. രാജ്യത്തെ കാർഷിക ഉൽപാദന വിപണന കമ്മിറ്റി നിശ്ചലമാകും. ഇൗ കമ്മിറ്റി ഇല്ലാതാകുന്നതിനൊപ്പം കുറഞ്ഞ താങ്ങുവിലയും ഇല്ലാതാകും. അതായത്, വർഷങ്ങൾ നീണ്ട പരിശ്രമം ഒറ്റയടിക്ക് ഇല്ലാതാകും. സംഭരണ ശേഷിയുടെ മേൽ ഏർപ്പെടുത്തിയ പരിധി കേന്ദ്രസർക്കാർ എടുത്തുകളയുന്നു. എന്നാൽ ആര്, എത്ര സംഭരിക്കുമെന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.