നിങ്ങൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോ, അതോ മരിച്ചോ; തെരഞ്ഞെടുപ്പ് കമീഷനെതിരെ മഹുവ
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് കമീഷനെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മഹുവ മൊയിത്ര. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നടപടിയെടുക്കാത്തതിലാണ് മഹുവയുടെ വിമർശനം. പശ്ചിമബംഗാൾ സർക്കാറിനെതിരെ മുല്ല, മദ്രസ, മാഫിയ എന്നീ പദപ്രയോഗങ്ങൾ നടത്തിയ അമിത് ഷാക്കെതിരെ നടപടിയെടുക്കാത്ത കമീഷന്റെ നിലപാടിലാണ് മഹുവയുടെ വിമർശനം.
നിങ്ങൾ ലഹരിക്ക് അടിമയാണോ, അതേ മരിച്ചോയെന്ന് തെരഞ്ഞെടുപ്പ് കമീഷനെ സംബന്ധിച്ച് മഹുവ ചോദിച്ചു. മോദിയുടെ പെരുമാറ്റച്ചട്ടമായ വെറുപ്പ്, വിഭജനം, കൊലപാതകം എന്നിവ നിങ്ങളുടെ മാർനിർദേശമായോയെന്നും എക്സിലെ കുറിപ്പിൽ മഹുവ മൊയിത്ര തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിക്കും എൻ.ഡി.എക്കും അനുകൂലമായി പ്രവർത്തിക്കുകയാണെന്ന വിമർശനങ്ങൾക്കിടെയാണ് മഹുവയുടെ പ്രസ്താവനയും പുറത്തെത്തിയിരിക്കുന്നത്.
പശ്ചിമബംഗാളിലെ പ്രചരണത്തിനിടെയായിരുന്നു അമിത് ഷാ തൃണമൂൽ കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇമാമുമാർക്ക് ഓണറേറിയം നൽകുന്ന ബംഗാൾ സർക്കാറിന്റെ നടപടിയെ അദ്ദേഹം വിമർശിച്ചിരുന്നു. മുല്ല, മദ്രസ, മാഫിയ എന്നിവർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് അമിത് ഷാ വിമർശനം ഉന്നയിച്ചിരുന്നു.
റോഹിങ്ക്യകൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് മമത ബാനർജിയാണെന്നും രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ അവർ പങ്കെടുത്തില്ലെന്നും അമിത് ഷാ ആരോപിച്ചിരുന്നു. ദുർഗപൂജക്ക് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിൽ മമത നിയന്ത്രണം ഏർപ്പെടുത്തിയെന്ന ആരോപണവും അമിത് ഷാ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.