‘നിങ്ങൾ ധ്യാനത്തിലാണോ? അതോ ട്വീറ്റിൽ ശ്രദ്ധിക്കുകയോ? രണ്ടും ഒന്നിച്ചുപോകില്ലല്ലോ..’ -മോദിയുടെ ട്വീറ്റിൽ വൈറലായി ധ്രുവ് റാഠിയുടെ കമന്റ്
text_fieldsന്യൂഡൽഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ രണ്ടു ദിവസത്തെ ഏകാന്ത ധ്യാനത്തിനിടെ ട്വിറ്ററിൽ പോസ്റ്റുകളിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. റിമാൽ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളിലെ ദുരിതബാധിതർക്കൊപ്പം തന്റെ ചിന്തകളും പ്രാർഥനകളുമുണ്ടെന്ന് സമൂഹ മാധ്യമമായ എക്സിൽ കുറിച്ച ട്വീറ്റിന് കമന്റായാണ് ധ്രുവ് റാഠി പ്രതികരിച്ചത്.
‘അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങിൽ റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചത് നിർഭാഗ്യകരമാണ്. ഇവിടങ്ങളിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കുമൊപ്പം എന്റ ചിന്തകളും പ്രാർഥനകളുമുണ്ട്. ഇവിടെയെല്ലാം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകും. സ്ഥിതിഗതികൾ സർക്കാർ തുടർച്ചയായി നിരീക്ഷിച്ചു വരികയാണ്. ദുരിതബാധിതരെ സഹായിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ട്’ -ഇതായിരുന്നു ധ്യാനത്തിനിടെ, മോദിയുടെ എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലൊന്ന്. ഇതിന് മറുപടിയായാണ് ധ്രുവ് റാഠി എത്തിയത്.
‘നിങ്ങൾ ധ്യാനത്തിലാണോ? അതോ നിലവിലെ സാഹചര്യങ്ങളെല്ലാം പരിശോധിച്ച് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണോ? രണ്ടും കൂടി ഒരിക്കലും ഒരുമിച്ചു കൊണ്ടുപോകാൻ ആവില്ലല്ലോ’ -ഇതായിരുന്നു ധ്രുവിന്റെ കമന്റ്. മോദിയുടെ ട്വീറ്റിൽ മണിപ്പൂരിനെ പരാമർശിച്ചതിനെക്കുറിച്ച് പലരും കമന്റ് ചെയ്തു. ‘മണിപ്പൂർ എന്ന് ടൈപ്പ് ചെയ്യുമ്പോൾ താങ്കൾക്ക് എന്തു തോന്നി?’ എന്നായിരുന്നു ഒരു കമന്റ്.
അതേസമയം, 17 മണിക്കൂറിനിടെ 52000 പേരാണ് മോദിയുടെ ട്വീറ്റ് ലൈക്ക് ചെയ്തതെങ്കിൽ 11 മണിക്കൂറിൽ ധ്രുവ് റാഠിയുടെ കമന്റിന് കിട്ടിയത് 43000 ലൈക്ക്! മോദിയുടെ ട്വീറ്റ് 8300 പേർ റീട്വീറ്റ് ചെയ്തെങ്കിൽ ധ്രുവിന്റെ കമന്റ് കേവലം 11 മണിക്കൂറിൽ 8400 പേർ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.