ആർ.എസ്.എസ് മേധാവിയുടെ ഭീഷണി പ്രസ്താവന ന്യായീകരിച്ച് ആരിഫ് മുഹമ്മദ് ഖാൻ
text_fieldsമുസ്‍ലിംകൾ അപ്രമാദിത്വ ഭാവം ഉപേക്ഷിക്കണമെന്നാണ് ഭാഗവത് ഉദ്ദേശിച്ചതെന്ന് ഗവർണർ
അലീഗഢ്: ഇന്ത്യൻ മുസ്‍ലിംകളുടെ അപ്രമാദിത്വ മനോഭാവമാണ് പ്രശ്നങ്ങൾക്കു കാരണമെന്ന രൂപത്തിൽ വിവാദ പ്രസ്താവന നടത്തിയ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ പൂർണമായും ന്യായീകരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനനത്തിന്റെ അടിസ്ഥാനത്തിൽ ആർക്കും അപ്രമാദിത്വം അവകാശപ്പെടാനാകില്ലെന്ന കൂട്ടിച്ചേർക്കൽകൂടി നടത്തിയാണ് അലീഗഢ് വാഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എസ്.എസ് മേധാവിയെ ന്യായീകരിച്ചത്. രാജ്യത്ത് തീവ്ര ഹിന്ദുത്വവാദികൾ അപ്രമാദിത്വം അവകാശപ്പെടുന്ന ഇക്കാലത്ത് അതേ ആരോപണം മുസ്‍ലിംകൾക്കെതിരെ ഉന്നയിച്ച് ആർ.എസ്.എസ് മേധാവി ഭീഷണി സ്വരമുയർത്തുകയാണെന്ന് വിമർശനമുയർന്നതിനു പിന്നാലെയാണ് ഖാന്റെ ന്യായീകരണം.
ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി നിലനിൽക്കുമെന്നും ഇന്നത്തെ ഭാരതത്തിൽ മുസ്‍ലിംകൾക്കോ ഇസ്ലാമിനോ ഒരു ദോഷവുമില്ലെന്നും അവരുടെ മതത്തിൽതന്നെ തുടരാമെന്നും പൂർവികരുടെ മതത്തിലേക്കു തിരിച്ചുവരണമെങ്കിൽ അതുമാകാമെന്നും എന്നാൽ, അപ്രമാദിത്വത്തിന്റെ അലറിവിളി അവസാനിപ്പിക്കണമെന്നുമായിരുന്നു ഭാഗവതിന്റെ പ്രസ്താവന. എന്നാൽ, ഭാഗവതിന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആർക്കും മേൽക്കോയ്മയോ രണ്ടാംസ്ഥാനമോ ഇല്ല എന്ന് ഭരണഘടനതന്നെ വ്യക്തമാക്കിയതാണെന്നും പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ, എല്ലാവരും തുല്യരാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഭാഗവതിന്റെ പ്രസ്താവന ഭരണഘടനവിരുദ്ധവും പ്രകോപനപരവും എതിർക്കപ്പെടേണ്ടതുമാണെന്നാണ് സി.പി.എം നേതാവ് വൃന്ദ കാരാട്ട് പ്രതികരിച്ചത്. പ്രസ്താവനക്കെതിരെ കോടതി നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ‘‘ഇന്ത്യയിൽ ജീവിക്കാൻ അദ്ദേഹം മാനദണ്ഡം നിശ്ചയിക്കുന്നതുപോലെയാണ് തോന്നുന്നത്. മതത്തിനതീതമായി എല്ലാ മനുഷ്യർക്കും രാജ്യത്ത് തുല്യ അവകാശമാണുള്ളത്’’ -വൃന്ദ കൂട്ടിച്ചേർത്തു.ഭാഗവതിന്റെ പ്രസ്താവനയെ അപലപിച്ച് കപിൽ സിബൽ, അസദുദ്ദീൻ ഉവൈസി തുടങ്ങിയ നേതാക്കളും രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.