ഇവിടുത്തെ ബഹളങ്ങളുണ്ടോ ആനയറിയുന്നു; അരിക്കൊമ്പൻ ആരോഗ്യവാൻ, ഒപ്പം ആനക്കൂട്ടം -പുതിയ വിഡിയോ പുറത്തുവിട്ട് വനംവകുപ്പ്
text_fieldsചെന്നൈ: മുണ്ടുതുറൈ കടുവാ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പന്‍റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്. കോതയാർ നദിയുടെ പരിസരമേഖലയിലാണ് ആന ഇപ്പോഴുള്ളത്. ആന ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയിരിക്കുന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി.
വിദഗ്ധ സംഘത്തിന്‍റെ തുടർച്ചയായ നിരീക്ഷണത്തിലാണ് അരിക്കൊമ്പൻ. ആന കഴിക്കുന്ന ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും അളവ് സാധാരണ നിലയിലാണെന്ന് സംഘം നിരീക്ഷിച്ചു. കോതയാർ ഡാം മേഖലയിൽ ആന ചെളിയിൽ കുളിക്കുന്നതും കാണാനായി. മൂന്ന് കുട്ടിയാനകൾ ഉൾപ്പെടെ 10 ആനകളുടെ കൂട്ടം അരിക്കൊമ്പന് സമീപംതന്നെയുണ്ടെന്നും വിദഗ്ധ സംഘം റിപ്പോർട്ട് ചെയ്തു. ആനയുടെ കഴുത്തിലെ റേഡിയോ കോളറിൽ നിന്നും സിഗ്നലുകൾ കൃത്യമായി ലഭിക്കുന്നുണ്ട്.
അരിക്കൊമ്പന്‍റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും ആനയെ ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെടുന്നതിനിടെയാണ് ആന ആരോഗ്യവാനാണെന്ന റിപ്പോർട്ടുകൾ. മുണ്ടുതുറൈയിലെ സാഹചര്യങ്ങളുമായി അരിക്കൊമ്പൻ പൊരുത്തപ്പെടുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം, അരിക്കൊമ്പനെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളിൽ സജീവ ചർച്ചകൾ നടക്കുന്നുണ്ട്. അരിക്കൊമ്പനെ തിരികെയെത്തിക്കാൻ നിയമപോരാട്ടത്തിന് ആഹ്വാനമുയരുന്നുണ്ട്.
അരിക്കൊമ്പനു വേണ്ടി മൃഗസ്നേഹികളുടെ സംഘടന കഴിഞ്ഞയാഴ്ച സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹരജി ഫയൽ ചെയ്യുകയാണെന്നും ഇതിനാൽ പൊറുതിമുട്ടിയിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
അരിക്കൊമ്പൻ എവിടെയാണെന്നോ ജീവനോടെയുണ്ടെന്നോ എങ്കിലും അറിയണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, കാട്ടിൽ കഴിയുന്ന ആന എവിടെയാണെന്ന് നിങ്ങൾ എന്തിനാണ് അറിയുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. നേരത്തെ, അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതിയുടെ ഫോറസ്റ്റ് ബെഞ്ച് തള്ളിയിരുന്നു.
അതിനിടെ, ജൂലൈ ഒമ്പതിന് ഇടുക്കി ചിന്നക്കനാൽ സിമന്‍റുപാലത്തിന് സമീപം അരിക്കൊമ്പൻ ഫാൻസുകാരെ നാട്ടുകാർ തടഞ്ഞിരുന്നു. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് മൃഗസ്നേഹികളിലൊരാൾ പറഞ്ഞതാണ് തർക്കത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.