ചരിത്രദൗത്യം, ദുഃഖതീരം
text_fieldsബംഗളൂരു: ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ തുടക്കത്തിൽതന്നെ ഏഴു മൃതദേഹങ്ങൾ കണ്ടെടുത്തിട്ടും കർണാടകയിലെ മാധ്യമങ്ങളിൽപോലും കാര്യമായ വാർത്തയായിരുന്നില്ല. അർജുനുവേണ്ടി കേരളമൊന്നാകെ ഉണർന്നതോടെയാണ് അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഉത്തരകന്നട ജില്ല ഭരണകൂടം രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നത്.
സാധ്യമായ സംവിധാനങ്ങളെല്ലാമെത്തിക്കാൻ കേരളം കർണാടകക്കുമേൽ സമ്മർദം ചെലുത്തിയതോടെ പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷയോടെ രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ദുരന്തമേഖലകളിൽ പാലിക്കേണ്ട പൊതുമാർഗരേഖ രൂപപ്പെടുത്തണമെന്നാവശ്യപ്പെട്ട് മലയാളികളായ ഒരുകൂട്ടം അഭിഭാഷകർ കർണാടക ഹൈകോടതിയിൽ ഹരജിയും നൽകി. പ്രസ്തുത ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
എസ്.ഡി.ആർ.എഫും എൻ.ഡി.ആർ.എഫും കരസേനയും നാവികസേനയും മുങ്ങൽ വിദഗ്ധരും സാങ്കേതിക വിദഗ്ധരും രാഷ്ട്രീയനേതാക്കളും മലയാള മാധ്യമങ്ങളും ദൗത്യത്തിനൊപ്പം നിന്നു. കോരിച്ചൊരിയുന്ന മഴയും കുത്തിയൊഴുകുന്ന ഗംഗാവാലി പുഴയും തീർത്ത പ്രതിരോധത്തിനിടയിലും വിവിധ ഘട്ടങ്ങളിലായി തെരച്ചിൽ തുടർന്നു. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള സാമ്പത്തിക ചെലവടക്കം വഹിക്കാമെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അർജുന്റെ കുടുംബത്തിന് നൽകിയ ഉറപ്പിലാണ് മൂന്നാം ദൗത്യം ആരംഭിക്കുന്നത്. ജീവനോടെ തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞിട്ടും ഒരു മലയാളി യുവാവിനായി കേരളക്കരയാകെ ദിവസങ്ങളോളം ഷിരൂരിലേക്ക് പ്രാർഥനയോടെ കണ്ണുകൾ പായിച്ചു. ഒടുവിൽ ശ്രമകരമായ ദൗത്യത്തിലൂടെ അർജുന്റെ ശേഷിപ്പുകൾ പുറത്തെടുക്കുമ്പോൾ, ദുരന്തമുഖങ്ങളിലെ അപൂർവമായ ഒരു ദൗത്യത്തിന്റെ അടയാളപ്പെടുത്തലായി അതുമാറി. അർജുന്റെ മൃതദേഹവും ലോറിയും വീണ്ടെടുത്തശേഷം കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞ നന്ദി വാക്കുകളിൽ അതിന്റെ അനുരണനമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.