ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തണം -രാജ്നാഥ് സിങ്ങിന് കത്തെഴുതി പ്രമുഖർ
text_fieldsന്യൂഡൽഹി: ഫലസ്തീനിൽ വംശഹത്യ തുടരുന്ന ഇസ്രായേലിന് ഇന്ത്യയിൽനിന്ന് ആയുധങ്ങളും യുദ്ധോപകരണങ്ങളും കയറ്റുമതി ചെയ്യുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് പ്രമുഖർ രംഗത്തെത്തി. മുൻ ജഡ്ജിമാർ, നയതന്ത്രജ്ഞർ, ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, സാമ്പത്തിക വിദഗ്ധർ എന്നിവരടങ്ങുന്ന 25 പേർ ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു.
ഇസ്രായേലിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് റദ്ദാക്കണമെന്നും ഇത് അന്താരാഷ്ട്ര നിയമത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ലംഘനമാണെന്നും കത്തിൽ പറയുന്നു. ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറി, ഡയറക്ടർ ജനറൽ ഫോറിൻ ട്രേഡ് എന്നിവർക്കും കത്തിന്‍റെ കോപ്പി അയച്ചിട്ടുണ്ട്.
ഗസ്സക്കെതിരായ യുദ്ധം ആരംഭിച്ചതുമുതൽ ഇസ്രായേലിന് സൈനിക ആയുധങ്ങളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ കമ്പനികൾക്ക് കയറ്റുമതി ലൈസൻസുകഴ്ഡ തുടർച്ചയായി അനുവദിച്ചതിൽ ആശങ്കാകുലരായ പൗരന്മാരെന്ന നിലയിലാണ് ഞങ്ങൾ കത്തെഴുതുന്നത്. വംശഹത്യ കൺവെൻഷൻ നിർദേശങ്ങൾ ഇസ്രായേൽ ലംഘിക്കുകയാണെന്നും ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ അനധികൃത അധിനിവേശത്തിലാണെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമായി വിധിച്ചിട്ടുണ്ട് -കത്തിൽ പറയുന്നു.
അന്താരാഷ്ട്ര നീതിന്യായ കോടതി വിധികളുടെ വെളിച്ചത്തിൽ, ഇസ്രായേലിന് സൈനിക സാമഗ്രികൾ വിതരണം ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ ലംഘനമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51(സി)യുടെയും ആർട്ടിക്കിൾ 21ന്‍റെയും ലംഘനത്തിന് തുല്യമാണ് അത്. അതിനാൽ, കയറ്റുമതി ലൈസൻസുകൾ റദ്ദാക്കണമെന്നും ഇസ്രായേലിന് സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് പുതിയ ലൈസൻസുകൾ നൽകുന്നത് നിർത്തണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.