ആംസ്ട്രോങ്ങിന്‍റെ കൊലപാതകം; സമാധാനം കാത്തുസൂക്ഷിക്കണമെന്ന് മായാവതി
text_fieldsചെന്നൈ: ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ ചെന്നൈയിൽ അജ്ഞാതർ വെട്ടിക്കൊന്ന സംഭവത്തിൽ സമാധാനം നിലനിർത്തണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. 'കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമായ സംഭവമാണിത്'മായാവതി പറഞ്ഞു. ആംസ്ട്രോങ്ങിന് ആദരാഞ്ജലികൾ അർപ്പിക്കാനും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ കാണാനും മായാവതി ഞായറാഴ്ച ചെന്നൈയിലെത്തും.
'ബി.എസ്.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ ചെന്നൈയിലെ വസതിക്ക് പുറത്ത് വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ടത് സമൂഹത്തെ ഞെട്ടിച്ച സംഭവമാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ഉടനടി കർശനമായ നടപടി സ്വീകരിക്കണം.' മായാവതി ട്വീറ്റ് ചെയ്തു.
പെരമ്പലൂരിലുള്ള വസതിയിൽ ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൃത്യം നടത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊല നടത്തിയത്. ആറുപേർ ആംസ്‌ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആംസ്ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിന് ശേഷം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ചെന്നൈയിലെ പെരമ്പൂർ, സെമ്പിയം മേഖലകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിൽ ബി.എസ്.പി അധ്യക്ഷ മായാവതി പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായിരുന്നു ആംസ്ട്രോങ് എന്നാണ് മായാവതി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.