പുതപ്പ്, എമർജൻസി ലൈറ്റ്, ഭക്ഷ്യ വസ്തുക്കൾ.. രക്ഷകർക്ക് നന്ദിയുമായി നഞ്ചപ്പസത്രം കോളനിയിൽ സൈനികരെത്തി
text_fieldsചെന്നൈ: ആകാശത്ത് നിന്ന് അഗ്നിഗോളമായി താഴേക്ക് പതിച്ച ഹെലികോപ്ടറിനടുത്തേക്ക് ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് നന്ദി പറയാൻ കൈനിറയെ സമ്മാനവുമായി സൈനികരെത്തി. നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനിയിലാണ് പുതപ്പ്, സൗരോർജത്തിൽ പ്രവൃത്തിക്കുന്ന എമർജൻസി വിളക്കുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്തത്. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ അധികൃതരെ വിവരമറിയിച്ച കോളനിയിലെ കൃഷ്ണസാമി, ചന്ദ്രകുമാർ എന്നിവർക്ക് 5,000 രൂപ വീതം പാരിതോഷികവും നൽകി.
സൈനിക മേധാവി ബിപിൻ റാവത് ഉൾപ്പെടെ 13 പേർ മരണപ്പെട്ട ഹെലികോപ്ടർ അപകടത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെങ്കിലും ജീവൻ തിരിച്ചുകിട്ടാൻ കാരണമായത് കോളനിവാസികളുടെ ഇടപെടലാണ്. ഇതിനുള്ള നന്ദിസൂചകമായി നഞ്ചപ്പസത്രം കോളനിയെ വ്യോമസേന ഒരു വർഷത്തേക്ക് ദത്തെടുക്കുമെന്ന് ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ജനറൽ ഓഫിസർ ലഫ്. ജനറൽ എ. അരുൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വെല്ലിങ്ടൺ പട്ടാള കേന്ദ്രത്തിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.
'ഗ്രാമവാസികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. തീ കെടുത്താനും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും ഇവർ മുന്നോട്ടുവന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഇൗ ഗ്രാമത്തിലെ ജനങ്ങളാണ്' - അദ്ദേഹം പറഞ്ഞു.
നഞ്ചപ്പസത്രം കോളനി സന്ദർശിച്ച അരുൺ, മുഴുവൻ കുടുംബങ്ങൾക്കും അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. മാസന്തോറും കോളനിയിൽ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്നും ലഫ്. ജനറൽ പ്രഖ്യാപിച്ചു. ഗ്രാമവാസികൾക്ക് ചികിത്സയ്ക്കായി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ സൗകര്യമൊരുക്കും.
ഹെലികോപ്ടർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പൊലീസ്, അഗ്നിശമന വിഭാഗം ജീവനക്കാർ, വനം ജീവനക്കാർ, മറ്റു വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, സൈനിക ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങിയവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
അതിനിടെ, കോളനിയുടെ പേര് ബിപിൻ റാവത്ത് ഗ്രാമമെന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി. ഹെലികോപ്റ്റർ തകർന്നു വീണിടത്തു സ്മാരകം നിർമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.