കശ്മീരിൽ വ്യാജ ഏറ്റുമുട്ടലിലൂടെ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയ കേസ്: സൈനിക ക്യാപ്റ്റനെതിരെ കുറ്റപത്രം
text_fieldsശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ വ്യാജ ഏറ്റുമുട്ടലിലൂടെ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ സൈനിക ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ ജമ്മു-കശ്മീർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സായുധസേനയുടെ 62 രാഷ്ട്രീയ റൈഫിൾസിലെ ക്യാപ്റ്റൻ ഭൂഭേന്ദ്ര സിങ്, സിവിലിയന്മാരായ തബിഷ് നാസിർ, ബിലാൽ അഹ്മദ് എന്നിവരാണ് കേസിലെ പ്രതികൾ. ശനിയാഴ്ച ഷോപിയാൻ ജില്ല സെഷൻ കോടതിയിലാണ് 300 പേജ് അടങ്ങുന്ന കുറ്റപത്രം ജമ്മു-കശ്മീർ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത്.
കേസിൽ തബിഷ് നാസിർ, ബിലാൽ അഹ്മദ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും എന്നാൽ, ക്യാപ്റ്റൻ ഭൂഭേന്ദ്ര സിങ്ങിനെ അഫ്സ്പ (സായുധ സേനയുടെ പ്രത്യേക അധികാര നിയമം) നിയമ സംരക്ഷണമുള്ളതിനാൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കി.
യുവാക്കളെ അവരുടെ താമസസ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സൈനിക വാഹനവും ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റാൻ ഉപയോഗിച്ച വാഹനവും പൊലീസ് പിന്നീട് കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്. പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി ചണ്ഡിഗഢിലെ സി.എഫ്.എസ്.എല്ലിന് കൈമാറിയിട്ടുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന, അന്യായമായി നിരോധിത ആയുധങ്ങൾ കൈവശം വെക്കൽ എന്നിവക്കെതിരായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഷോപിയാൻ ജില്ലയിലെ അമിഷ്പോരയിൽ കഴിഞ്ഞ ജൂലൈ 18നാണ് രജൗരി ജില്ലയിൽനിന്നുള്ള അബ്റാർ, ഇംതിയാസ്, അബ്റാർ അഹ്മദ് എന്നിവരെ ക്യാപ്റ്റൻ ഭൂഭേന്ദ്ര സിങ്ങിെൻറ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇവരിൽനിന്ന് വൻതോതിലുള്ള ആയുധം കണ്ടെത്തിയെന്നും സൈന്യം അവകാശപ്പെട്ടിരുന്നു.
എന്നാൽ, സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയർന്നതിനെ തുടർന്ന് സെപ്റ്റംബറിൽ സൈനിക കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് സംഭവം വ്യാജ ഏറ്റമുട്ടലാണെന്നും സായുധ സേനയുടെ പ്രത്യേക അധികാര നിയമം സൈനികൻ ലംഘിച്ചതായും പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.